വാർഡ് വിഭജനം തെളിവെടുപ്പുകൾ തീരുന്നു; ഇനി കോടതിയിൽ
1488900
Saturday, December 21, 2024 6:22 AM IST
കാസർഗോഡ്: തദ്ദേശസ്ഥാപനങ്ങളിലെ കരട് വാർഡ് വിഭജനത്തിനെതിരെ ലഭിച്ച പരാതികളിന്മേൽ നടത്തിയ തെളിവെടുപ്പ് മിക്കയിടങ്ങളിലും പ്രഹസനമായതായി യുഡിഎഫ്. ജില്ലയിൽ ഏതാണ്ട് എല്ലായിടങ്ങളിലും സിപിഎം അനുകൂല ഉദ്യോഗസ്ഥർക്കാണ് തെളിവെടുപ്പിന്റെ ചുമതല നൽകിയതെന്നും അതുകൊണ്ടുതന്നെ സിപിഎമ്മിന് അനുകൂലമായി വാർഡുകൾ വെട്ടിമുറിച്ച കാര്യത്തിൽ കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തൽ.
ഇതോടെ ജനപ്രാതിനിധ്യ നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും ലംഘനം സംബന്ധിച്ച പരമാവധി തെളിവുകൾ സമാഹരിച്ച് ഹൈക്കോടതിയിൽ പോകാനുള്ള മുന്നൊരുക്കത്തിലാണ് യുഡിഎഫ് നേതാക്കൾ. ആദ്യമായി ഹൈക്കോടതിയെ സമീപിച്ച പടന്ന പഞ്ചായത്തിന്റെ കാര്യത്തിൽ അനുകൂല വിധി ലഭിച്ചത് അവർക്ക് ആത്മവിശ്വാസമായിട്ടുണ്ട്.
2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാനുപാതികമായി പഞ്ചായത്തുകളുടെ വിഭജനം ഇതുവരെ നടപ്പാക്കാതെ വാർഡ് വിഭജനം മാത്രമായി നടത്തിയതും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ സിപിഐ അനുകൂല സംഘടനയാണ് ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഈ കേസിൽ അനുകൂല വിധി വന്നാൽ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലെയും വാർഡ് വിഭജനം വീണ്ടും റദ്ദാകും.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയ്ക്കെതിരെ കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടങ്ങാൻ പരപ്പയിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കൺവീനർ സി.വി. ഭാവനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, ഐഎൻടിയുസി നേതാവ് സി.ഒ. സജി, ബാലഗോപാലൻ കാളിയാനം, സി.വി. ഗോപകുമാർ, നോബിൾ വെളുക്കുന്നേൽ, സിജോ പി. ജോസഫ്, സി.വി. ബാലകൃഷ്ണൻ, അജയൻ വേളൂർ, കണ്ണൻ പട്ട്ളം, ലിസി വർക്കി, ശശി ചാങ്ങാട്, ജോണി കുന്നാണി, മനോഹരൻ വരഞ്ഞൂർ എന്നിവർ പ്രസംഗിച്ചു.
ഉദുമ പഞ്ചായത്തിലെ വാർഡ് വിഭജനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ജനസഭ തീരുമാനിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രകൃതിദത്തമായ അതിരുകൾ ഒഴിവാക്കിയും സിപിഎമ്മിന് അനുകൂലമാക്കുന്ന രീതിയിലാണ് വാർഡ് വിഭജനം നടത്തിയതെന്ന് യോഗം ആരോപിച്ചു.
ഇതുസംബന്ധിച്ച തെളിവെടുപ്പിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ലാഘവത്തോടെയാണ് പരാതികൾ കൈകാര്യം ചെയ്യുന്നതെന്നും ജനസഭ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കാപ്പിൽ കെ.ബി.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. എം.എച്ച്. മുഹമ്മദ് കുഞ്ഞി, കല്ലട്ര അബ്ദുൽ ഖാദർ, ഹമീദ് മാങ്ങാട് എന്നിവർ പ്രസംഗിച്ചു.