പട്ടിയുണ്ട്, സൂക്ഷിച്ചാല്‍ കൊള്ളാം..
1489726
Tuesday, December 24, 2024 6:50 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ തെരുവുനായയുടെ ശല്യം അതീവരൂക്ഷമാകുന്നു. ഈവര്‍ഷം ഇതുവരെ 6,090 പേര്‍ക്കാണ് കടിയേറ്റത്. ജനുവരി (582), ഫെബ്രുവരി (515), മാര്‍ച്ച് (604), ഏപ്രില്‍ (582), മേയ് (476), ജൂണ്‍ (537), ജൂലൈ (426), ഓഗസ്റ്റ് (475), സെപ്റ്റംബര്‍ (518), ഓക്ടോബര്‍ (549), നവംബര്‍ (537), ഡിസംബര്‍ (289) എന്നിങ്ങനെയാണ് നായകടിയേറ്റവരുടെ കണക്ക്. ഒരു മാസം ശരാശരി 500 പേര്‍ക്ക് നായകടിയേല്ക്കുന്നു. ഇതില്‍ 90 ശതമാനം കേസുകളില്‍ തെരുവുനായ്ക്കളാണ് പ്രതിസ്ഥാനത്തുള്ളത്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ടൗണുകള്‍, റോഡുകള്‍, സ്കൂളുകള്‍, നടവഴികള്‍ എന്നുവേണ്ട ആശുപത്രികളില്‍ പോലും തെരുവുനായ്ക്കള്‍ വിഹരിക്കുകയാണ്.
തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്ക് അതാതു തദ്ദേശസ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് 2016ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് സിരിജഗന് അധ്യക്ഷനായ സമിതിയാണ് നഷ്ടപരിഹാരം തീരുമാനിക്കുന്നത്. 2016 ഒക്ടോബര്‍ 30നാണ് സമിതി പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ജില്ലയില്‍ ഇതുവരെ ഒരാള്‍ക്കുപോലും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. സമിതിയുട പ്രവർത്തനവും നിലച്ച മട്ടാണ്. പല ജില്ലകളില്‍ നിന്നുള്ള ഏഴായിരത്തോളം അപേക്ഷകളാണ് ഇതുമൂലം തീരുമാനമാനമാകാതെ കെട്ടിക്കിടക്കുന്നത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റവരുമുണ്ട്.
കൊട്ടിഘോഷിച്ച് തുടങ്ങിയ എബിസി (ആനിമല്‍ ബര്‍ത്ത് കണ്ട്രോള്) പദ്ധതിയുടെ പരാജയമാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്. വന്ധ്യംകരണം നടത്തി തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കുന്ന ഈ പദ്ധതി രണ്ടരവര്‍ഷത്തിലേറെയായി പാടേ നിലച്ചിരിക്കുകയാണ്.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നിയമം കര്‍ശനമാക്കിയതോടെയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്ത സ്ഥിതി വന്നത്.
തെരുവുനായ്ക്കളെ പിടികൂടി ശസ്ത്രക്രിയ നടത്തി തുടര്പരിചരണത്തിനുശേഷം പിടികൂടിയ സ്ഥലത്തുതന്നെ തിരിച്ചുവിടുന്നതായിരുന്നു പദ്ധതി. 450 രൂപയാണ് ഒരു നായയുടെ വന്ധ്യംകരണത്തിന് നല്‍കുക. ഇതിന്റെ പകുതിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.
ബാക്കി തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തണം. പുതിയ കെട്ടിടം നിര്‍മിക്കണം, ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍മാരെ കണ്ടെത്തണം, ശസ്ത്രക്രിയ നടത്താനുള്ള ശീതീകരിച്ച മുറി, നായ്ക്കള്‍ക്കായി വെവ്വേറെ കൂട്, ഭക്ഷണം പാകം ചെയ്യാന്‍ അടുക്കള എന്നിവയൊക്കെ ഒരുക്കണമെന്നാണ് ആനിമൽ വെൽഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നിര്‍ദേശം.
ദൈനംദിന ചെലവുകള്‍ക്കു തന്നെ ബുദ്ധിമുട്ടുന്ന പഞ്ചായത്തുകള്‍ക്ക് ഇതൊന്നും ചിന്തിക്കാന്‍ കൂടി കഴിയില്ല. ഇതിനിടെ വന്ധ്യംകരിച്ച നായ്ക്കള്‍ പലയിടത്തും പ്രസവിച്ച സംഭവങ്ങളും പദ്ധതി കൊണ്ട് എന്തു പ്രയോജനമെന്ന ചോദ്യവും ഉയര്‍ന്നുവന്നു.