നാടെങ്ങും ക്രിസ്മസ് ആഘോഷങ്ങൾ
1488897
Saturday, December 21, 2024 6:22 AM IST
മണ്ഡപം: സെന്റ് ജോസഫ്സ് എയുപി സ്കൂളിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം മാനേജർ ഫാ. തോമസ് കീഴാരത്തിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയിംസ് മാരൂർ അധ്യക്ഷനായിരുന്നു. പുൽക്കൂട്ടിലെ തിരുപ്പിറവി ലൈവ് ഷോയും കുട്ടികളുടെ കലാപരിപാടികളും നടന്നു. വലിപ്പമേറിയ പുൽക്കൂടും കുട്ടികൾക്കായുള്ള സമ്മാനങ്ങൾ കൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീയും തയാറാക്കിയിരുന്നു.
വെള്ളരിക്കുണ്ട്: അനാഥത്വത്തിന്റെ നൊമ്പരം പേറുന്ന മുത്തച്ഛൻമാരെ കൂട്ടിക്കൊണ്ടുവന്ന് ആടിയും പാടിയും ക്രിസ്മസിന്റെ സന്തോഷം പങ്കുവച്ച് നിർമലഗിരി എൽപി സ്കൂൾ വിദ്യാർഥികൾ. വെള്ളരിക്കുണ്ട് ലവ് ആൻഡ് കെയറിലെ അന്തേവാസികളെ സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുപ്പിച്ച് കേക്കും സമ്മാനങ്ങളും നൽകി. സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യംകുളവും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി.
വെള്ളരിക്കുണ്ട്: കരുവള്ളടുക്കം സെന്റ് ജോസഫ്സ് യുപി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂളിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കി. കുട്ടികൾക്കായി കരോൾ ഗാന മത്സരവും വെള്ളരിക്കുണ്ട് ടൗണിൽ ക്രിസ്മസ് റാലിയും നടത്തി. തുടർന്ന് കേക്ക് വിതരണവും നടത്തി. മുഖ്യാധ്യാപിക സിസ്റ്റർ റെജീന മാത്യു അധ്യക്ഷത വഹിച്ചു.
പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ക്രിസ്മസ് ആഘോഷം പനത്തടി പഞ്ചായത്തിലെ 13 ,15 വാർഡുകളിലെ 25 നിർധന കുടുംബാംഗങ്ങൾക്കൊപ്പം നടന്നു. ആഘോഷങ്ങളുടെ ഭാഗമായി എല്ലാവർക്കും ക്രിസ്മസ് കിറ്റുകൾ വിതരണം ചെയ്തു. പാണത്തൂർ സെന്റ് മേരീസ് ഇടവക അസി.വികാരി ഫാ. നിഖിൽ ജോൺ ആട്ടൂക്കാരൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ക്രിസ്മസ് സന്ദേശം നൽകി. പ്രിൻസിപ്പൽ, ഫാ. ജോസ് കളത്തിപ്പറമ്പിൽ സ്വാഗതം പറഞ്ഞു.
ചിറ്റാരിക്കാൽ: തലശേരി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ക്രിസ്മസ് ആഘോഷങ്ങൾ തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ.ഡോ. മാണി മേൽവട്ടം ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് ക്രിസ്മസ് കരോളും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
പാലാവയൽ: സെന്റ് ജോൺസ് എൽപി സ്കൂളിലെ ക്രിസ്മസ് ആഘോഷം അസി. മാനേജർ ഫാ. പ്രവീൺ കായംകാട്ടിൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ക്രിസ്മസ് പാപ്പാമാരുടെ അകമ്പടിയോടെ പാലാവയൽ ടൗണിൽ കരോൾ നടത്തി. ക്രിസ്മസിനോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
തൃക്കരിപ്പൂർ: സെന്റ് പോൾസ് എയുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 17 അങ്കണവാടികളിലെ 200 ൽപരം കുരുന്നുകളെ പങ്കെടുപ്പിച്ച് ജിങ്കിൾ ബെൽസ് കലാപരിപാടി ഒരുക്കി. പഞ്ചായത്തംഗം ഇ. ശശിധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.വി. ഫൈസൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. വിനു കയ്യാനിക്കൽ ക്രിസ്മസ് സന്ദേശം നൽകി. മുഖ്യാധ്യാപിക സിസ്റ്റർ ഷീന ജോർജ്, ജാസ്മിൻ തോമസ്, കെ. സുൽഫാനത്ത്, കെ.വി. മുരളി എന്നിവർ പ്രസംഗിച്ചു.