വനനിയമ ഭേദഗതി റദ്ദാക്കണം: യൂത്ത് ഫ്രണ്ട് -എം
1489390
Monday, December 23, 2024 3:54 AM IST
കാഞ്ഞങ്ങാട്: ജനദ്രോഹപരമായ കരട് വനനിയമ ഭേദഗതി റദ്ദ് ചെയ്യണമെന്ന് യൂത്ത് ഫ്രണ്ട് -എം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. 1961 ൽ പ്രാബല്യത്തിൽ വന്നതും ഭേദഗതികൾ വന്നതുമായ കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിനായുള്ള കരട് വിജ്ഞാപനം കർഷക വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ പറഞ്ഞു.
ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഗൗരവമേറിയതും ജനവിരുദ്ധമായതും മൗലികാവകാശങ്ങൾ ഹനിക്കപ്പെടുന്ന നിർദേശങ്ങൾ ഉൾക്കൊള്ളുന്നതുമാണ് പുതിയ ബിൽ. നിലവിലുള്ള വനനിയമം തന്നെ ജനദ്രോഹപരമാണെന്ന പരാതികൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കേ കൂടുതൽ ആശങ്കാജനകമായ മാറ്റങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പിഴ തുകയിലുള്ള വൻ വർധന, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് നൽകുന്ന പരിധി വിട്ട അധികാരങ്ങൾ, മത്സ്യബന്ധനവും പാഴ് വസ്തുക്കൾ വനപ്രദേശത്തോ വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴയിലോ എത്തിപ്പെടുന്നതും ശിക്ഷാർഹമാക്കുന്നത് തുടങ്ങിയ പരിഷ്കരണങ്ങൾ വനാതിർത്തികളിൽ ജീവിക്കുന്ന സാധാരണക്കാർക്ക് വലിയ വെല്ലുവിളിയുയർത്തുന്നതാണ്. വനപാലകർക്ക് കൂടുതൽ അധികാരങ്ങളും കൂടുതൽ ദുരുപയോഗ സാധ്യതകളും നൽകുന്ന ഈ നിയമപരിഷ്കരണം തികച്ചും പ്രതിഷേധാർഹവും പിൻവലിക്കപ്പെടേണ്ടതുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
പടന്നക്കാട് ബേക്കൽ ക്ലബിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് വിനയ് മാങ്ങാട്ട് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, സംസ്ഥാന ജനറൽ സെക്രട്ടറി ഡാവി സ്റ്റീഫൻ, സംസ്ഥാന ഐടി സെക്രട്ടറി അഭിലാഷ് മാത്യു, ജോയ് മൈക്കിൾ, ഡോണ പീറ്റർ, ജോജി തോമസ്, ചാക്കോ തെന്നിപ്ലാക്കൽ, ബിജു തുളിശേരി, സിജി കട്ടക്കയം, സാജു പാമ്പയ്ക്കൻ, സി.ആർ. രാജേഷ്, ഡോ. അലക്സ് ജോസ്, മനോജ് ജോർജ്, ഡെന്നിസ് അലക്സാണ്ടർ, നിഹാൽ എന്നിവർ പ്രസംഗിച്ചു.