കുളമ്പുരോഗം മൂലം പശുക്കളെ നഷ്ടമായ കർഷകർക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ റിവോൾവിംഗ് ഫണ്ട്
1489212
Sunday, December 22, 2024 7:10 AM IST
തൃക്കരിപ്പൂർ: കുളമ്പുരോഗം മൂലം കറവ പശുക്കളെ നഷ്ടമായ കർഷകർക്ക് പുതിയ പശുക്കളെ വാങ്ങുന്നതിനായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ റിവോൾവിംഗ് ഫണ്ട് വിതരണം നടത്തി. തടിയൻകൊവ്വൽ, പോത്താംകണ്ടം, നിടുമ്പ, മാണിയാട്ട്, നാലിലാംകണ്ടം ക്ഷീരസംഘങ്ങൾക്ക് കീഴിലുള്ള കർഷകർക്ക് രണ്ടു വീതം കറവ പശുക്കളെ വാങ്ങുന്നതിനുള്ള പലിശരഹിത വായ്പയായാണ് റിവോൾവിംഗ് ഫണ്ട് നൽകുന്നത്.
ജില്ലയിൽ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. അഞ്ച് ക്ഷീരസംഘങ്ങൾക്കും 80,000 രൂപ വീതമാണ് കൈമാറിയത്.
ഒരു സംഘത്തിലെ രണ്ടു കർഷകർക്ക് 40,000 രൂപ വീതം വായ്പയായി ലഭിക്കും. തടിയൻകൊവ്വൽ കൈരളി ഗ്രന്ഥാലയം ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തു. പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷീരവികസന ഓഫീസർ കെ. രമ്യ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. സുമേഷ്, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. സുജാത, പഞ്ചായത്തംഗങ്ങളായ പി.പി. കുഞ്ഞികൃഷ്ണൻ, ടി. വിജയലക്ഷ്മി, ക്ഷീരസംഘം പ്രസിഡന്റ് സി.ടി. കൃഷ്ണൻ, സെക്രട്ടറി കെ.വി. സിന്ധു, കൈരളി ഗ്രന്ഥാലയം സെക്രട്ടറി ബാബു അപ്യാൽ, മനീഷ തീയറ്റേഴ്സ് പ്രസിഡന്റ് വി.എം. നാരായണൻ എന്നിവർ പ്രസംഗിച്ചു. രണ്ട് പശുക്കളുടെ വിതരണവും നടന്നു.