പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ നൽകിയ 92.45 ലക്ഷം തിരികെ നൽകണമെന്ന് കെആർഎഫ്ബി
1489217
Sunday, December 22, 2024 7:11 AM IST
കാഞ്ഞങ്ങാട്: ഈസ്റ്റ് എളേരി പഞ്ചായത്തിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനായി കൈമാറിയ തുകയിൽ 92,45,244 രൂപ ഉപയോഗിക്കാതെ ബാക്കി കിടപ്പുണ്ടെന്ന് ജല അഥോറിറ്റി തളിപ്പറമ്പ് ഡിവിഷൻ എക്സി. എൻജിനീയർ സമർപ്പിച്ച യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റിൽ കാണിച്ചിട്ടുള്ളതായി ചൂണ്ടിക്കാട്ടി കെആർഎഫ്ബി എക്സി. എൻജിനീയർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തു നൽകി. ഈ തുക തിരിച്ചടയ്ക്കുന്ന മുറയ്ക്ക് അതിൽ നിന്ന് 36.52 ലക്ഷം രൂപ അറക്കത്തട്ട്, വെള്ളടുക്കം, പുളി പ്രദേശങ്ങളിലേക്കുള്ള തകരാറിലായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനായി അനുവദിക്കാമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.
റോഡ് നിർമാണപ്രവൃത്തിക്കിടെ നാശനഷ്ടം സംഭവിച്ച അറക്കത്തട്ട്, വെള്ളടുക്കം, പുളി പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നേരത്തേ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി പഞ്ചായത്ത് സെക്രട്ടറിക്കും കെആർഎഫ്ബി അധികൃതർക്കും നിർദേശം നൽകിയിരുന്നു.
ബന്ധപ്പെട്ട പ്രദേശങ്ങളിലെ ഗുണഭോക്തൃ സമിതി പ്രസിഡന്റുമാർ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു നിർദേശം. ഇതിന്റെ ചെലവ് വഹിക്കേണ്ട ഉത്തവാദിത്വം കെആർഎഫ്ബിക്കായിരുന്നു.
എന്നാൽ ഇതേ ആവശ്യത്തിന് നേരത്തേ നൽകിയ തുക ഉപയോഗിക്കാതെ ബാക്കി കിടപ്പുണ്ടെന്നു ചൂണ്ടിക്കാട്ടിയതോടെ കെആർഎഫ്ബി അധികൃതർ പന്ത് വീണ്ടും പഞ്ചായത്തിന്റെ കോർട്ടിലേക്ക് തട്ടിയിരിക്കുകയാണ്.
പഞ്ചായത്തിലെ മുൻ ഭരണസമിതിയുടെ കാലത്താണ് തുക അനുവദിച്ചിരുന്നത്. ഇക്കാര്യത്തിൽ പരിശോധനകളും അന്വേഷണവും നീണ്ടുപോയാൽ അത്രയും കാലം ഇനിയും കുടിവെള്ളം മുട്ടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.