കസേരകളിൽ ആളില്ലാതെ പഞ്ചായത്തുകൾ
1488629
Friday, December 20, 2024 7:04 AM IST
കാസർഗോഡ്: വാർഡ് വിഭജനവും അതിനനുസരിച്ച് വീട്ടുനമ്പറുകൾ മാറ്റി നൽകുന്നതും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമൊക്കെയായി തദ്ദേശസ്ഥാപനങ്ങളിൽ പണി ചൂടുപിടിക്കുന്ന കാലമാണ്. സാമ്പത്തിക വർഷം കഴിയാറായതോടെ വാർഷിക നികുതി പിരിവിന്റെയും പദ്ധതി നടത്തിപ്പിന്റെയും തിരക്കുകൾ വേറെ. അതിനിടയിലാണ് പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും കൊടിയുമെല്ലാം നീക്കാൻ ഹൈക്കോടതിയുടെ അന്ത്യശാസനം വന്നത്. കോടതിവിധി പാലിച്ചില്ലെങ്കിൽ നീക്കാത്ത ഓരോ പോസ്റ്ററിനും ബാനറിനും കൊടിക്കും തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 5000 രൂപ വീതം പിഴ ചുമത്തുമെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവും ഇറങ്ങി. ഇതോടെ പോസ്റ്ററും ബാനറുമെല്ലാം നീക്കാൻ കരാർ ജീവനക്കാരെയും കൂട്ടി വണ്ടിയെടുത്തിറങ്ങിയിരിക്കുകയാണ് സെക്രട്ടറിമാർ.
ഇതിനിടയിൽ എല്ലാ താലൂക്കുകളിലും മന്ത്രിമാർ പങ്കെടുക്കുന്ന പരാതിപരിഹാര അദാലത്തുകൾ വരുന്നതോടെ അതുമായി ബന്ധപ്പെട്ടും തദ്ദേശസ്ഥാപനങ്ങളിൽ ജോലിഭാരമേറും. ഇങ്ങനെ നാനാവിധങ്ങളായ ജോലികൾ മുന്നിൽ വന്നു നിൽക്കുമ്പോഴും ഉദ്യോഗസ്ഥക്ഷാമം മൂലം വീർപ്പുമുട്ടുകയാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിൽ വിവിധ തസ്തികകളിലായി നിലവിൽ 152 ഒഴിവുകളാണ് ജില്ലയിലുള്ളത്.
കാസർഗോഡ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിലും ഏഴു പഞ്ചായത്തുകളിലും സെക്രട്ടറിമാരില്ല. ഈസ്റ്റ് എളേരി, പനത്തടി, ചെറുവത്തൂർ, മധൂർ, പൈവളിഗെ, എൻമകജെ, ബെള്ളൂർ പഞ്ചായത്തുകളിലാണ് സെക്രട്ടറിയുടെ കസേര ഒഴിഞ്ഞുകിടക്കുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 49 സീനിയർ ക്ലാർക്കുമാരുടെയും 26 ക്ലാർക്കുമാരുടെയും 12 റവന്യൂ ഇൻസ്പെക്ടർമാരുടെയും ഒഴിവുകളുണ്ട്. ക്ലാർക്കുമാരുടെ 17 ഒഴിവുകൾ കന്നഡ ഭാഷാ മേഖലയിലാണ്. ഇവ കന്നഡ ഭാഷ അറിയാവുന്നവർക്കായി മാറ്റിവച്ചതാണ്.
15 തദ്ദേശസ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എൻജിനിയർമാരില്ല. അസി. എക്സിക്യൂട്ടീവ് എൻജിനിയർമാരുടെ രണ്ടും വിഇഒമാരുടെ പത്തും ഓവർസിയർമാരുടെ അഞ്ചും ഒഴിവുകളുണ്ട്. ഈ ഒഴിവുകളെല്ലാം റിപ്പോർട്ട് ചെയ്യേണ്ട ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ അസി. ഡയറക്ടറുടെ കസേരയും ഒഴിഞ്ഞുകിടക്കുന്നു.
സെക്രട്ടറിമാരില്ലാത്ത ഇടങ്ങളിൽ അസി. സെക്രട്ടറിമാർക്കാണ് ചുമതല. ഇവർക്കൊപ്പം ജൂണിയർ സൂപ്രണ്ടുമാരും ഫിനാൻസ് ഓഫീസർമാരുമെല്ലാം അധികഭാരം വഹിക്കുന്നു.
കരട് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ലഭിച്ചപരാതികളിൽ തെളിവെടുപ്പ് നടത്തി കളക്ടർക്കും സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷനും റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒരാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. പരാതികൾ കുമിഞ്ഞുകൂടിയതോടെ തദ്ദേശസ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തെളിവെടുപ്പിന്റെ തിരക്കായിരുന്നു. വാർഡ് വിഭജനവും പരാതികളുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രശ്നങ്ങൾ തെളിവെടുപ്പിനെയും ബാധിക്കുന്നുണ്ട്. തെളിവെടുപ്പ് നടത്തുന്ന ഉദ്യോഗസ്ഥർ ഈ മാസം 26നകം ജില്ലാ കളക്ടർമാർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും കളക്ടർമാർ 31 നകം ഡീലിമിറ്റേഷൻ കമ്മീഷന് റിപ്പോർട്ട് നൽകണമെന്നുമാണ് പുതുക്കിയ ഉത്തരവ്.
അധിക ജോലികളും ഉദ്യോഗസ്ഥക്ഷാമവുമേറുമ്പോൾ റോഡുപണിയും ലൈഫ് ഭവനങ്ങളുമടക്കമുള്ള പദ്ധതികളുടെ നടത്തിപ്പും പ്രതിദിനം ചെറുതും വലുതുമായ ആവശ്യങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളുമാണ് പ്രതിസന്ധിയിലാകുന്നതെന്ന് ജീവനക്കാർ പറയുന്നു.