ചോരക്കളമായി നിരത്തുകള്‍
1489393
Monday, December 23, 2024 3:54 AM IST
കാസര്‍ഗോഡ്: ഈവര്‍ഷം ജില്ലയില്‍ ഇതുവരെ റോഡപകടങ്ങളില്‍ മരിച്ചത് 146 പേര്. ഇതില്‍ 70 പേര് അപകടസ്ഥലത്തും ബാക്കി 76 പേര് ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 432 പേര് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്. 578 പേര്‍ക്ക് നിസാരമായ പരിക്കുകളോടെ രക്ഷപെട്ടു. ആകെ 987 അപകടങ്ങള്‍. റോഡിലേക്കിറങ്ങുമ്പോള്‍ പേടിപ്പെടുത്തുന്നതാണ് ഓരോ ദിവസത്തെയും അപകട കണക്കുകള്‍. ഒരുദിവസം ജില്ലയിലെ റോഡുകളില്‍ ശരാശരി മൂന്ന് അപകടം നടക്കുന്നുവെന്നാണ് കണക്ക്. ഓരോ കൊല്ലവും റോഡില്‍ ജീവന് നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്.
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതും അശ്രദ്ധയോടെയുള്ള വാഹനമോടിക്കലുമാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമായി മോട്ടര്‍ വാഹനവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. ഉറക്കമാണ് രാത്രി യാത്രകളിലെ വില്ലന്‍. ഉറക്കം വരില്ലെന്ന് ഡ്രൈവര്‍ക്ക് എത്ര ആത്മവിശ്വാസമുണ്ടെങ്കിലും രണ്ടോ മൂന്നോ സെക്കന്‍ഡില്‍ കണ്ണടഞ്ഞു പോയാല്‍ യാത്ര ദുരന്തമാകും. ഉറക്കം വരുന്നെന്നു തോന്നുന്നുവെങ്കില്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍ കുറച്ചുനേരം ഉറങ്ങുകയാണ് വേണ്ടത്. മുഖം കഴുകുകയോ ചായ കുടിക്കുകയോ ചെയ്യുന്നതും നല്ലതാണ്. അതുപോലെ വാഹനത്തില്‍ ഡ്രൈവര്‍മാത്രം ഉണര്‍ന്നിരിക്കുകയും മറ്റുള്ളവര്‍ ഉറങ്ങുകയും ചെയ്യുന്നത് ഒഴിവാക്കണം.
ജില്ലയില്‍ അപകടം കൂടുതല്‍ നടക്കുന്ന നാലു ബ്ലാക്ക് സ്പോട്ടുകളാണ് മോട്ടര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. പാണത്തൂര്‍ പരിയാരം വളവോടു കൂടിയ ഇറക്കം (നാലു വര്‍ഷത്തിനുള്ളില്‍ 12 മരണം), ബോവിക്കാനം-മുള്ളേരിയ റോഡിലെ കോട്ടൂരിലെ വളവോടു കൂടിയ ഇറക്കം, കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ അതിഞ്ഞാല്‍ (വാഹന വേഗത കാരണം കാല്‍നടയാത്രക്കാര്‍ക്ക് അപകടം സംഭവിക്കുന്നു), കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട് എന്നിവയാണ് ജില്ലയിലെ അതിതീവ്ര അപകടമേഖലകള്‍.
റോഡുകളുടെ ശോചനീയാവസ്ഥയാണ് വാഹനയാത്രക്കാര്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. പ്രത്യേകിച്ചും ദേശീയപാത നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ പലയിടത്തും വളരെ ഇടുങ്ങിയ സര്‍വീസ് റോഡുകളില്‍ കൂടി യാത്ര ചെയ്യേണ്ടിവരുന്നു.
സര്‍വീസ് റോഡുകള്‍ തന്നെ പലയിടത്തും തകര്ന്നുകിടക്കുകയാണെന്നത് അപകടത്തിനു കാരണമാകുന്നു. റോഡ് പ്രവൃത്തി നടക്കുന്ന പലയിടത്തും വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്തതും അപകട മുന്നറിയിപ്പ് നല്‍കാത്തതും അപകടം ക്ഷണിച്ചുവരുത്തുന്നു.