വാർഡ് വിഭജനത്തിനെതിരേ ജില്ലയിൽ 853 പരാതികൾ
1488631
Friday, December 20, 2024 7:04 AM IST
കാസർഗോഡ്: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനെതിരെ ജില്ലയിലാകെ ലഭിച്ചത് 853 പരാതികൾ. 838 പരാതികൾ ജില്ലാ കളക്ടർക്കും 15 എണ്ണം സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന് നേരിട്ടുമാണ് ലഭിച്ചത്. ഇപ്പോൾ പരാതിക്കാരെ അതത് തദ്ദേശസ്ഥാപനങ്ങളിൽ നേരിട്ട് വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തുകയാണ്. തെളിവെടുപ്പിന്റെ റിപ്പോർട്ട് ഈ മാസം 26 നുള്ളിൽ ജില്ലാ കളക്ടർക്കും 31 നകം സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷനും മുമ്പാകെ സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം.
2011 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 2015 ൽ തന്നെ വാർഡ് വിഭജനം നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പടന്ന പഞ്ചായത്തിലെ വാർഡ് വിഭജനം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. നീലേശ്വരം നഗരസഭയുടെ കാര്യത്തിലും ഇതു ബാധകമാകാനിടയുണ്ടെന്നാണ് സൂചന. 83 പരാതികൾ ലഭിച്ച കാഞ്ഞങ്ങാട് നഗരസഭയും 44 പരാതികൾ ലഭിച്ച മൊഗ്രാൽപുത്തൂർ പഞ്ചായത്തുമാണ് പരാതികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ. നീലേശ്വരത്ത് 23 ഉം കാസർഗോഡ് നഗരസഭയിൽ 18 ഉം പരാതികളാണ് ലഭിച്ചിട്ടുള്ളത്.
പഞ്ചായത്തുകളിൽ കാറഡുക്ക (43), ഉദുമ (41), അജാനൂർ (39), പുത്തിഗെ (38), ചെങ്കള (36), പുല്ലൂർ പെരിയ (32) എന്നിവയാണ് പരാതികളുടെ എണ്ണത്തിൽ മൊഗ്രാൽപുത്തൂരിന് തൊട്ടുപിന്നിലുള്ളത്. കയ്യൂർ ചീമേനി- 29, ബദിയഡുക്ക- 27, വൊർക്കാടി- 25, കോടോം ബേളൂർ- 24, പൈവളിഗെ- 24, മധൂർ- 22, മുളിയാർ- 21, പള്ളിക്കര- 21, കുറ്റിക്കോൽ- 21, കിനാനൂർ കരിന്തളം- 20, കുമ്പഡാജെ- 19, ബെള്ളൂർ- 17, ദേലംപാടി- 15, ചെമ്മനാട്- 14, എൻമകജെ- 14, വലിയപറമ്പ്- 14, പനത്തടി- 14, വെസ്റ്റ് എളേരി- 14, ഈസ്റ്റ് എളേരി- 14, മംഗൽപാടി- 13, ചെറുവത്തൂർ- 11, പടന്ന- 11, തൃക്കരിപ്പൂർ- 10, കുമ്പള- ഒൻപത്, കള്ളാർ- എട്ട്, മീഞ്ച- ഏഴ്, പിലിക്കോട്- അഞ്ച്, ബളാൽ- നാല്, ബേഡഡുക്ക- നാല് എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം. മൂന്നു വീതം പരാതികൾ മാത്രം ലഭിച്ച മടിക്കൈ, മഞ്ചേശ്വരം പഞ്ചായത്തുകളാണ് പരാതികളുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ. വാർഡ് വിഭജനത്തിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചാലും അതിനെതിരെ ഹൈക്കോടതിയിൽ നിയമനടപടികൾ തുടരാനാണ് സാധ്യത.