നീലേശ്വരം മിനി സിവിൽ സ്റ്റേഷൻ നിർമാണം വീണ്ടും സാങ്കേതികക്കുരുക്കിൽ
1489210
Sunday, December 22, 2024 7:10 AM IST
നീലേശ്വരം: ഫണ്ട് അനുവദിച്ച് രൂപരേഖ തയാറാക്കിയിട്ടും സാങ്കേതികക്കുരുക്കുകളിൽ നിന്ന് മോചനമില്ലാതെ നീലേശ്വരം മിനി സിവിൽ സ്റ്റേഷൻ നിർമാണം. നീലേശ്വരം വില്ലേജ് ഓഫീസിനു സമീപം മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി കണ്ടെത്തിയ സ്ഥലത്ത്
മണ്ണ് പരിശോധന മാത്രമാണ് ഇതുവരെ നടന്നത്. പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു.
കെട്ടിടത്തിനായി പിഡബ്ല്യുഡി കെട്ടിടനിർമാണ വിഭാഗം രൂപരേഖ തയാറാക്കി സമർപ്പിച്ചിരുന്നെങ്കിലും അതിൽ പാർക്കിംഗിന് സ്ഥലമില്ലാതിരുന്നതാണ് പ്രശ്നമായത്.
തുടർന്ന് ഇതുകൂടി ഉൾപ്പെടുത്തി പുതിയ രൂപരേഖ തയാറാക്കാൻ പിഡബ്ല്യുഡി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. സ്ഥല ലഭ്യതയും പാർക്കിംഗുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങൾ ഉയർന്നുവന്നതോടെയാണ് തുടർപ്രവർത്തനങ്ങൾ സ്തംഭിച്ചതെന്നാണ് സൂചന. കഴിഞ്ഞ ജൂലൈയിലാണ് ഇവിടെ മണ്ണ് പരിശോധന പൂർത്തിയാക്കിയത്.
അതിനുശേഷം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളൊന്നും നടന്നില്ല. സാങ്കേതിക കുരുക്കുകൾ അഴിക്കാൻ ഭരണതലത്തിലോ ഉദ്യോഗസ്ഥതലത്തിലോ കാര്യമായ ഇടപെടലുകളൊന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി.