ക്രിസ്മസിനെ വരവേൽക്കാൻ നാടും നഗരവും
1489213
Sunday, December 22, 2024 7:10 AM IST
കാലിച്ചാനടുക്കം: വൈഎംസിഎയുടെ ക്രിസ്മസ് ആഘോഷവും ജില്ലാതല കരോൾ ഗാന മത്സരവും കാലിച്ചാനടുക്കം സെന്റ് ജോസഫ് പള്ളി വികാരി ഫാ. സുനീഷ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. വിൻസെൻഷ്യൻ സെമിനാരി റെക്ടർ ഫാ. ജോസ് പനച്ചിമൂട്ടിൽ അധ്യക്ഷത വഹിച്ചു.
വൈസ് റെക്ടർ ഫാ. ജോസ് തയ്യിൽ ക്രിസ്മസ് സന്ദേശം നൽകി. പഞ്ചായത്ത് അംഗങ്ങളായ പി. ഷീജ, ബിന്ദു, വൈഎംസിഎ കാസർഗോഡ് സബ് റീജിയൺ ചെയർമാൻ സണ്ണി മാണിശേരി, വനിതാ ഫോറം പ്രസിഡന്റ് ലിസി പുളിക്കൽ, കാലിച്ചാനടുക്കം വൈഎംസിഎ പ്രസിഡന്റ് എം.ജെ. ബേബി, സെക്രട്ടറി സിബി മലയാറ്റിൽ, അനഘ പോൾ എന്നിവർ പ്രസംഗിച്ചു.
ചെർക്കള: മാർത്തോമ്മ ബധിരവിദ്യാലയത്തിന്റെയും മാർത്തോമ്മ കോളജ് ഫോർ ദ ഹിയറിംഗ് ഇംപെയേർഡിന്റെയും ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു ബേബി അധ്യക്ഷനായി. സ്കൂളിന്റെ മുൻ മാനേജരും നിലവിൽ കോട്ടയം-കൊച്ചി ഭദ്രാസന അധ്യക്ഷനുമായ റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി.
എംഎൽഎമാരായ എൻ.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, മുൻ മന്ത്രി സി.ടി. അഹമ്മദലി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ, ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ളകുഞ്ഞി ചെർക്കള, സിപിഎം കാസർഗോഡ് ഏരിയ സെക്രട്ടറി ടി.എം.എ. കരീം, ബദിയടുക്ക മാർത്തോമ്മ കോളജ് ഓഫ് സ്പെഷ്യൽ എഡ്യുക്കേഷൻ ഡയറക്ടർ ഫാ. അനീഷ് തോമസ്, ചെർക്കള മാർത്തോമ്മ കോളജ് ഫോർ ദ ഹിയറിംഗ് ഇംപെയേർഡ് വൈസ് പ്രിൻസിപ്പൽ ഫാ. ജോർജ് വർഗീസ്, മാർത്തോമ്മ ബധിര വിദ്യാലയം മുഖ്യാധ്യാപിക എസ്. ഷീല എന്നിവർ പ്രസംഗിച്ചു.
ചെർക്കള മാർത്തോമ്മ, കാടമന മാർത്തോമ്മ കോൺഗ്രിഗേഷൻ, കാസർഗോഡ് ബഥേൽ സിഎസ്ഐ ചർച്ച്, ബദിയടുക്ക മാർത്തോമ്മ കോളജ് ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു. വിദ്യാർഥികള്‍ക്കായി പുൽക്കൂട് നിർമാണ മത്സരവും കലാപരിപാടികളും നടത്തി.
കെസിവൈഎം ക്രിസ്മസ് സന്ദേശയാത്ര ഇന്ന്
വെള്ളരിക്കുണ്ട്: കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിലുള്ള ഫെലിസ് നവിദാത് ക്രിസ്മസ് സന്ദേശയാത്രയും മെഗാ പാപ്പാസംഗമവും ഇന്ന് വെള്ളരിക്കുണ്ടിൽ നടക്കും. കെസിവൈഎം വെള്ളരിക്കുണ്ട്, മാലോം ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ 18 ഇടവകകളിൽ നിന്നായി 1500 ലധികം യുവജനങ്ങൾ അണിനിരക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരങ്ങൾ യാത്രയിൽ അവതരിപ്പിക്കും.
വൈകിട്ട് മൂന്നുമണിക്ക് വെള്ളരിക്കുണ്ട് ഫൊറോനയുടെ നേതൃത്വത്തിൽ കുരാംകുണ്ട് ആശ്രമത്തിൽ നിന്നും മാലോം ഫൊറോനയുടെ നേതൃത്വത്തിൽ കൊന്നക്കാടു നിന്നും ആരംഭിക്കുന്ന സന്ദേശറാലികൾ ഏഴുമണിക്ക് വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിൽ സംഗമിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം ക്രിസ്മസ് സന്ദേശം നൽകും. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് ജോയൽ പുതുപറമ്പിൽ സംബന്ധിക്കും. അക്യൂപങ്ചർ ചികിത്സകൻ പ്രഫ.ഡോ. സജി മറ്റത്തിലിനെ വേദിയിൽ ആദരിക്കും. ഓളം മ്യൂസിക് ബാൻഡിന്റെ ലൈവ് മ്യൂസിക് ഷോയും നടക്കും.