സെമസ്റ്റർ നീട്ടിയതിനെതിരേ പ്രതിഷേധവുമായി കാർഷിക കോളജ് വിദ്യാർഥികൾ
1488895
Saturday, December 21, 2024 6:22 AM IST
നീലേശ്വരം: 2021 ബാച്ചിന്റെ സെമസ്റ്റർ കാലാവധി നീട്ടിയതിനും ഫീസ് വർധനയ്ക്കും വിവിധ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ലഭിക്കാത്തതിനുമെതിരെ പടന്നക്കാട് കാർഷിക കോളജ് വിദ്യാർഥികൾ ഡീനിന്റെ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
കോവിഡിന്റെ പേരുപറഞ്ഞ് സെമസ്റ്റർ കാലാവധി നീട്ടിയത് കോഴ്സ് തീരാൻ വൈകിപ്പിക്കുമെന്നും വിദ്യാർഥികൾക്ക് ഈ വർഷം ജെആർഎഫ് അടക്കമുള്ള അഖിലേന്ത്യാ പ്രവേശനപരീക്ഷകൾക്കും പിജി പഠനത്തിനും കൃഷി ഓഫീസർ അടക്കമുള്ള പിഎസ്സി പരീക്ഷകൾക്കും അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകുമെന്നും വിദ്യാർഥികൾ ഡീനിന് സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അവസാനവർഷത്തെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളായ ഗ്രാമീണ ബോധവത്കരണം, പ്രവൃത്തി പരിചയം, പഠനയാത്രകൾ എന്നിവയ്ക്കുള്ള ഫണ്ട് സർവകലാശാലയിൽ നിന്ന് ഇതുവരെ അനുവദിച്ചിട്ടില്ല.
വിദ്യാർഥികളിൽ നിന്ന് ഭീമമായ ഫീസ് ഈടാക്കുമ്പോഴാണ് കോഴ്സിന്റെ ഭാഗമായി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാത്തത്. ഇതും കോഴ്സിന്റെ കാലാവധി നീളാനിടയാക്കുമെന്നും തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഒരു വർഷം നഷ്ടമാക്കുന്നത് മെറിറ്റിൽ പ്രവേശനം നേടിയ വിദ്യാർഥികളോടുള്ള അനീതിയാണെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
കോളജ് യൂണിയൻ ചെയർപേഴ്സൺ അഹല്യ സജീവ്, അമർത്യ രാജ്, എം. ജിതിൻ എന്നിവർ പ്രസംഗിച്ചു.