പെരിയ ഇരട്ടക്കൊലക്കേസ്: വിചാരണ പൂർത്തിയായി; വിധി 28ന്
1489724
Tuesday, December 24, 2024 6:50 AM IST
കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ വിചാരണാനടപടികൾ പൂർത്തിയായി. വിധിപ്രഖ്യാപനത്തിനായി കേസ് 28 ലേക്ക് മാറ്റി.
അന്നുതന്നെയോ തൊട്ടടുത്ത സിറ്റിംഗിലോ കേസിൽ വിധിയുണ്ടാകും. മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെ.വി.കുഞ്ഞിരാമന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുമായ കെ. മണികണ്ഠൻ എന്നിവരടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇവരുൾപ്പെടെ എട്ടു പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കിയുള്ളവരിൽ ഒന്നാംപ്രതി എ. പീതാംബരനുൾപ്പെടെ 11 പേർ വിയ്യൂർ സെൻട്രൽ ജയിലിലും അഞ്ചുപേർ കാക്കനാട് ജയിലിലുമാണുള്ളത്. വിചാരണയ്ക്ക് ഹാജരാക്കുന്നതിനുള്ള സൗകര്യം മുൻനിർത്തിയാണ് ഇവരെ കണ്ണൂരിൽനിന്ന് തൃശൂരിലേക്കും എറണാകുളത്തേക്കും മാറ്റിയത്. കേസ് നടക്കുന്നതിനിടയിൽ സിപിഎമ്മിലേക്ക് കൂറുമാറിയ മുൻ കെപിസിസി വൈസ് പ്രസിഡന്റും മുതിർന്ന ക്രിമിനൽ അഭിഭാഷകനുമായ സി.കെ. ശ്രീധരനാണ് പ്രതികൾക്കു വേണ്ടി ഹാജരായത്.
2019 ഫെബ്രുവരി 17ന് സന്ധ്യയ്ക്കാണ് കല്യോട്ട് ക്ഷേത്രോത്സവത്തിന്റെ ആഘോഷകമ്മിറ്റി യോഗം കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന ശരത് ലാലും കൃപേഷും കല്യോട്ട് കൂരാങ്കര റോഡിൽവച്ച് വെട്ടേറ്റു മരിച്ചത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗമായ ഒന്നാം പ്രതി പീതാംബരൻ, സജി ജോർജ്, പ്രാദേശിക സിപിഎം നേതാവ് ശാസ്ത ഗംഗാധരന്റെ മകൻ ഗിജിൻ എന്നിവരടക്കം 14 പ്രതികളെയാണ് തുടക്കത്തിൽ ക്രൈബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനെ എതിർക്കുന്നതിനായി സംസ്ഥാന സർക്കാർ ലക്ഷങ്ങൾ ചെലവാക്കി അഭിഭാഷകരെ കൊണ്ടുവന്നെങ്കിലും ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും ഈ ആവശ്യം അംഗീകരിച്ചതോടെയാണ് കേസിൽ സിബിഐ അന്വേഷണം നടന്നത്. നേതാക്കളുൾപ്പെടെ 10 പേരെ കൂടി കേസിൽ പ്രതിചേർത്തത് സിബിഐ അന്വേഷണത്തെ തുടർന്നാണ്.