ജില്ലയില്‍ 67 സ്കൂളുകളില്‍ ഇംഗ്ലീഷ് സ്ഥിര അധ്യാപകരില്ല
1489396
Monday, December 23, 2024 3:54 AM IST
കാസര്‍ഗോഡ്: ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലീഷ് ബിരുദധാരികളായ സ്ഥിരാധ്യാപകര്‍ തന്നെ വേണമെന്ന കോടതിവിധി നലനിൽക്കുമ്പോഴും ജില്ലയില്‍ 67 സ്കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സ്ഥിരം അധ്യാപകരില്ല. ഇതില്‍ ഒരു ഇംഗ്ലീഷ് അധ്യാപകന് പോലും ഇല്ലാത്ത ഇരുപതോളം സ്കൂളുകളുമുണ്ട്. ഇംഗ്ലീഷ് അധ്യാപക നിയമനത്തിനായുള്ള റാങ്ക് പട്ടിക നിലനില്‍ക്കെയാണ് ജില്ലയിലെ ഈ ദുരവസ്ഥ. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇംഗ്ലീഷില്‍ കുട്ടികള്‍ക്ക് മികച്ച അടിത്തറ ലഭിക്കണമെങ്കില്‍ മികച്ച അധ്യാപകരുടെ സേവനം കൂടിയേ തീരൂ.
എന്നാല്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വര്‍ഷങ്ങളായുള്ള ആവശ്യത്തിനു ചെവികൊടുക്കാതെയാണ് സര്‍ക്കാര്‍ നിയമനം നടത്തുന്ന കാര്യത്തില്‍ അനങ്ങാപ്പാറനയം തുടരുന്നത്. അതിനാല്‍ തന്നെ സ്കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും ഏറെ പ്രയാസത്തിലാണ്. സാമ്പത്തിക പ്രയാസമാണ് ഇംഗ്ലീഷ് അധ്യാപകനിയമനത്തിന് തടസമായി സര്‍ക്കാര്‍ ഉന്നയിക്കുന്ന ന്യായവാദം.
എന്നാല്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ മാത്രം സാമ്പത്തികപ്രയാസം പറഞ്ഞ് അധ്യാപകരെ നിയമിക്കാത്തത് കടുത്ത വിവേചനമാണെന്നും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കു വിരുദ്ധമാണെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉദ്യോഗാര്‍ഥികളും ആരോപ്പിക്കുന്നു. ഗുണമേന്മ ഇല്ലാത്ത ഇംഗ്ലീഷ് വിദ്യാഭ്യാസം കുട്ടികളെ ഏറെ പിന്നോട്ട് നയിക്കുമെന്നും ആശങ്ക രക്ഷിതാക്കള്‍ക്കുണ്ട്.