കെഎസ്ഇബി ബെസ് യൂണിറ്റ് മൈലാട്ടിയില്‍
1489388
Monday, December 23, 2024 3:54 AM IST
കാസര്‍ഗോഡ്: കെഎസ്ഇബിയുടെ സംസ്ഥാനത്തെ ആദ്യ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (ബെസ്) മൈലാട്ടിയില്‍ വരുന്നു. പകല്‍സമയങ്ങളില്‍ ലഭ്യമാകുന്ന അധിക വൈദ്യുതി ബാറ്ററികളില്‍ സംഭരിച്ച് ഉപയോഗം കൂടിയ സമയങ്ങളില്‍ ഉപയോഗിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 125 മെഗാവാട്ട് സംഭരണശേഷിയുള്ള ബെസ് ആണ് മൈലാട്ടിയില്‍ സ്ഥാപിക്കുക. 40 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വിവിധ ജില്ലകളിലായി ആദ്യഘട്ടത്തില്‍ 205 മെഗാവാട്ട് സംഭരണശേഷിയുള്ള ബെസ് സ്ഥാപിക്കാനാണ് കെഎസ്ഇബി തീരുമാനിച്ചത്. മൈലാട്ടിക്ക് പുറമേ അങ്കമാലി, ബ്രഹ്മപുരം, കോഴിക്കോട്, പോത്തന്‍കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് ബെസ് സ്ഥാപിക്കുക. സ്ഥലം കണ്ടെത്തല്‍ ഉൾപ്പടെയുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ മൈലാട്ടിയില്‍ പെട്ടെന്ന് നിര്‍മാണം തുടങ്ങാന്‍ സധിക്കും. മൈലാട്ടി സബ്സ്റ്റേഷനോടുചേര്ന്നുള്ള ഒമ്പതേക്കര്‍ സ്ഥലത്താണ് ബെസ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. നിര്‍മാണത്തിന് മരംമുറി ഉള്‍പ്പെടെയുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കും.
വൈകുന്നേരം ആറു മുതല്‍ രാത്രി 11 വരെയുള്ള പീക്ക് സമയങ്ങളില്‍ ബെസിലെ വൈദ്യുതി പ്രയോജപ്പെടുത്താന്‍ സാധിക്കും. വലിയ കണ്ടെയ്നറുകളില്‍ ബാറ്ററികള്‍ ഘടിപ്പിച്ചതിനുശേഷം ഇവിടെ സ്ഥാപിക്കുകയാണ് ചെയ്യുക. പ്രീഫാബ്രിക്കേറ്റഡ് കണ്ടെയ്നറുകള്‍ ആയതിനാല്‍ പെട്ടെന്നു പണി പൂര്‍ത്തിയാകും. ഓഫീസ്, കണ്ട്രോള് റൂം തുടങ്ങിയവ മാത്രമാണ് നിര്‍മിക്കേണ്ടിവരിക. ആദ്യഘട്ടത്തില്‍ 60 മെഗാവാട്ട് ആയിരിക്കും ഇതിന്റെ സംഭരണശേഷി.
ക്രമേണ ഇതു വര്‍ധിപ്പിച്ച് 125 മെഗാവാട്ടില്‍ എത്തിക്കും. 2026 മാര്‍ച്ച് 31നു മുമ്പ് സ്ഥാപിക്കുന്ന ബെസുകള്ക്ക് കേന്ദ്രസര്‍ക്കാരിന്റെ 40 ശതമാനം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭിക്കുമെന്നതിനാല്‍ അതിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.