പത്തുരൂപയുടെ സത്യസന്ധതയ്ക്ക് ‘പുത്തന്‍വീട് ’
1489218
Sunday, December 22, 2024 7:11 AM IST
കുന്നുംകൈ: പത്തുരൂപയുടെ സത്യസന്ധതയ്ക്ക് മാജിദിന് സമ്മാനമായി ലഭിച്ചത് ഒരു പുത്തന്‍വീട്. കുന്നുംകൈ എയുപി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന എസ്. മാജിദ് ഒഴിവുസമയങ്ങളില്‍ മലയോരത്തെ വിവിധ ടൗണുകളില്‍ കടല വില്പന ചെയ്യാറുണ്ടായിരുന്നു.
ഒരു ദിവസം നര്‍ക്കിലക്കാട് സ്വദേശി കെ.കെ. സുധീഷ് കുന്നുംകൈ പമ്പില്‍ പെട്രോള്‍ അടിക്കുന്ന സമയത്ത് മാജിദിന്റെ കയ്യില്‍ നിന്നും കടല വാങ്ങി. പെട്രോള്‍ അടിച്ച് കാറോടിച്ചു പോകുമ്പോള്‍ യാദൃശ്ചികമായി സൈഡ് മിററില്‍ നോക്കിയപ്പോഴാണ് പുറകെ ഓടിക്കിതച്ചുവരുന്ന മാജിദിനെ സുധീഷ് കാണുന്നത്. ഗ്ലാസ് താഴ്ത്തി കാര്യം തിരക്കി.
സാര്‍ തന്നത് 20 രൂപ കോയിന് ആണെന്നും ബാക്കി തരാനാണ് ഓടി വന്നതെന്നുമുള്ള കുട്ടിയുടെ മറുപടി കേട്ട് സുധീഷ് അത്ഭുതപ്പെട്ടു. മാജിദിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ആ കുടുംബത്തിന്റെ ദയനീയാവസ്ഥ ബോധ്യപ്പെട്ടത്. നാട്ടിലെയും വിദേശത്തെയും സുമനസുകള്‍ സഹായത്തോടെ മാജിദിനായി വീട് നിര്‍മാണം ആരംഭിച്ചു. എന്‍ജിനിയര്‍ റ്റിജു തോമസ് മേല്‍നോട്ടം വഹിച്ചു. എന്നാല്‍ ഇടയ്ക്ക് വെച്ച് സാമ്പത്തിക പരാധീനതകള്‍ മൂലം വീട് പണി നിര്‍ത്തിവെക്കേണ്ട അവസ്ഥ വന്നപ്പോള്‍ സുധീഷ് മുഖാന്തിരം സൈലം ഗ്രൂപ്പുമായി ബന്ധപ്പെടുകയും വീട് പണി പൂര്‍ത്തിയാക്കാന്‍ വേണ്ട അഞ്ചു ലക്ഷം കൈമാറുകയും വീട് പണി പൂര്‍ത്തിയാക്കുകയുമായിരുന്നു.
കുന്നുംകൈ എയുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ സൈലം ഗ്രൂപ്പ് സിഇഒ ഡോ.എസ്. അനന്തു താക്കോല്‍ദാനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ചിറ്റാരിക്കാല്‍ എഇഒ രത്നാകരന് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഈസ്മായില്‍, പ്രവാസി വ്യവസായി അസീസ് മങ്കയം എന്നിവര്‍ സംബന്ധിച്ചു. മുഖ്യാധ്യാപകന്‍ സി.എം. വര്‍ഗീസ് സ്വാഗതവും ബി. റഷീദ നന്ദിയും പറഞ്ഞു.