മലയോരമേഖലയിലെ ദീർഘദൂര സർവീസുകൾക്ക് കെഎസ്ആർടിസിയുടെ സിംഗിൾ ബെൽ
1489394
Monday, December 23, 2024 3:54 AM IST
വെള്ളരിക്കുണ്ട്: മലയോര ഹൈവേ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിക്കുമ്പോഴും മലയോര മേഖലയിലെ ദീർഘദൂര സർവീസുകളോട് മുഖംതിരിച്ച് കെഎസ്ആർടിസി. പുതിയ വണ്ടികൾ നൽകാതെയും തെറ്റായ സമയക്രമവും റൂട്ട് മാറ്റവും നടപ്പാക്കിയും ദീർഘദൂര സർവീസുകളെ കൊല്ലാക്കൊല ചെയ്യുന്ന സമീപനമാണ് കെഎസ്ആർടിസി അധികൃതർ സ്വീകരിക്കുന്നതെന്ന് വിവിധ പാസഞ്ചർ അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു.
വർഷങ്ങളോളം ലാഭകരമായി നടത്തിയ സർവീസുകളെയാണ് നഷ്ടത്തിലാക്കി നിർത്തലാക്കുന്നത്. അടുത്തടുത്ത സമയങ്ങളിൽ ഒരേ റൂട്ടിൽ സർവീസ് നടത്തിയും ദീർഘദൂര സർവീസിനാവശ്യമായ സ്ലീപ്പർ ക്ലാസ് ബസുകൾ നൽകാതെയുമൊക്കെയാണ് സർവീസുകളെ നഷ്ടത്തിലാക്കുന്നത്. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് ദീർഘകാലമായി കണ്ണൂർ, ചെറുപുഴ വഴി കൊന്നക്കാടേക്ക് നടത്തിയിരുന്ന പകൽ സർവീസ് നിർത്തലാക്കിയത് വിദ്യാർഥികൾക്കും കുടിയേറ്റ കർഷക കുടുംബങ്ങൾക്കുമെല്ലാം ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ഇപ്പോൾ പത്തു വർഷത്തിലേറെയായി കൊന്നക്കാട് - ഗുരുവായൂർ - എറണാകുളം - പാലാ - മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന രാത്രികാല സൂപ്പർഫാസ്റ്റ് സർവീസും നിർത്തുകയാണെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. ഇതോടെ ഉയർന്ന ടിക്കറ്റ് നിരക്കിൽ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് മലയോരത്തെ യാത്രക്കാർക്കുണ്ടാകുന്നത്. പ്രശ്നത്തിൽ സർക്കാരിന്റെയും ജനപ്രതിനിധികളുടെയും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.