ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ സ്വകാര്യബസുടമകള്‍
1488899
Saturday, December 21, 2024 6:22 AM IST
കാസര്‍ഗോഡ്: സ്വകാര്യ ബസുകളുടെ നശീകരണം ഉന്നംവെച്ചുള്ള മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍.
ഈയിടെ സംസ്ഥാനത്തുടനീളം ഉണ്ടായിട്ടുള്ള റോഡപകടങ്ങളില്‍ ഒരു അപകടത്തിലും സ്വകാര്യ ബസുകള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന സത്യം നില നില്‍ക്കുകയാണ്. സംസ്ഥാനത്ത് ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡെന്ന പേരില്‍ അശാസ്ത്രീയമായി ഉണ്ടാക്കിയ സര്‍വീസ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ റോഡുകള്‍ തന്നെ ഇല്ലാത്ത അവസ്ഥയാണ്. 1.70 കോടി വാഹനങ്ങളാണ് നിലവിൽ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഇതരസംസ്ഥാന ങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും സംസ്ഥാന റോഡിലൂടെ സഞ്ചരിക്കുന്നു. ഇത്രയും വാഹനങ്ങള്‍ ഓടുന്നതില്‍ ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്നത് ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ടിപ്പര്‍, ട്രക്ക്, കെഎസ്ആര്‍ടിസി ബസുകള്‍ എന്നിവയാണ്. കേരളത്തില്‍ സ്വകാര്യ ബസുകള്‍ മൂലമുണ്ടാകുന്ന അപകട ങ്ങള് വര്‍ഷത്തില്‍ അഞ്ച് ശതമാനം മാത്രമാണ്.
അതേസമയം കാറുകളും ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെട്ടിട്ടുള്ള അപകടതോത് 29 ശതമാനമാണ്. 2024 വര്‍ഷത്തില്‍ ഇരുചക്ര വാഹനങ്ങള്‍, കാറുകള്‍, ടിപ്പര്‍, ട്രക്ക്, മറ്റു വാഹനങ്ങള്‍ എന്നിവ അപകടത്തില്‍പ്പെട്ടപ്പോള്‍ 3600 ഓളം പേര് മരണപ്പെടുകയുണ്ടായി. റോഡിന്റെ അപര്യാപ്തത അപകടങ്ങള്‍ക്ക് മുഖ്യകാരണമാണ്.
ഇത്രയും ത്യാഗങ്ങള്‍ സഹിച്ച് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ അപകടത്തില്‍ പെട്ടാല്‍ പെര്‍മിറ്റ് സസ്പെന്റ് ചെയ്യുമെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന വളരെ നിരുത്തരവാദപരമാണ്.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, സെക്രട്ടറി ടി. ലക്ഷ്മണന്, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ. മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ രാജേഷ്, ജോയിന്റ് സെക്രട്ടറിമാരായ ശങ്കര നായക്, പി.വി. പത്മനാഭന്, വൈസ് പ്രസിഡന്റ് പി.എ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.