60,000 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ് നല്‍കും: മന്ത്രി ജി.ആര്. അനില്‍
1488893
Saturday, December 21, 2024 6:22 AM IST
മുള്ളേരിയ: സംസ്ഥാനത്തെ 60,000 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി.ആര്. അനില്‍. മുള്ളേരിയയിലെ മാവേലി സ്റ്റോറിനെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അനര്‍ഹമായിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ പിന്‍വലിച്ച് അര്‍ഹതയുള്ള 60,000 ഓളം കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും ഈ ഗവണ്മെന്റിന്റെ കാലത്ത് ഇതുവരെ 5.2 ലക്ഷത്തില്‍പരം മുന്‍ഗണനാകാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
ക്രിസ്മസ് പുതുവര്‍ഷം പ്രമാണിച്ച് ഇന്നു സ്പെഷല്‍ ചന്തകള്‍ ആരംഭിക്കും. ഉത്സവനാളുകളില്‍ ഇത്തരം സ്പെഷല്‍ ചന്തകളും സപ്ലൈകോയുടെ 1700ഓളം ഔട്ട്ലെറ്റുകളിലൂടെയും മാര്‍ക്കറ്റിലെ വിലവര്‍ധന പരമാവധി പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നു. അസി. സെയില്സ്മാന് റാങ്ക്ലിസ്റ്റില് നിന്നും ഓണം കഴിഞ്ഞു നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ ജില്ലകളിലേയും ഒഴിവുകള്‍ പൂര്‍ണമായും നികത്തി. നൂറുശതമാനം കേരളീയര്‍ക്കും പരിമിതമാണെങ്കിലും അരി നല്കിവരുന്നു വെള്ളയും നീലയും കാര്‍ഡുകാരായി 57 ശതമാനം മലയാളി കുടുംബങ്ങളുണ്ട്. മഞ്ഞയും ചുവപ്പും കാര്‍ഡുകാരായി 43 ശതമാനം കുടുംബങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, പഞ്ചായത്ത് കെ. ഗോപാലകൃഷ്ണ, വാര്‍ഡ് മെംബര്‍ എ.എസ്. തസ്നി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം. മാധവന്, എം. കൃഷ്ണന്, പുരുഷോത്തമന്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, ദാമോദര്‍ ബെള്ളിഗെ, മുഹമ്മദ് സാലി, വി.കെ. രമേശന് എന്നിവര്‍ പ്രസംഗിച്ചു. സപ്ലൈകോ കോഴിക്കോട് മേഖലാ ഓഫീസര്‍ പി.സി. അനൂപ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ കെ.കെ. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.