ബേക്കല്‍ അഗ്രോ കാര്‍ണിവല്‍ 22 മുതല്‍
1488435
Thursday, December 19, 2024 7:56 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന അഗ്രോ കാര്‍ണിവല്‍-കാര്‍ഷിക ഉത്പന്ന ഉപകരണ പ്രദര്‍ശന വില്പനമേള 22 മുതല്‍ 31 വരെ പള്ളിക്കര പെട്രോള്‍ പമ്പിന് എതിര്‍വശമുള്ള പ്രത്യേകം സജ്ജമാക്കിയ മൈതാനത്തില്‍ നടക്കും.
22നു വൈകുന്നേരം നാലിന് പൂച്ചക്കാട് നിന്നും അഗ്രോ കാര്‍ണിവല്‍ നഗറിലേക്ക് വിളംബര ഘോഷയാത്ര നടത്തും. 23നു വൈകുന്നേരം നാലിന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്, എന്‍.എ. നെല്ലിക്കുന്ന് എന്നിവര്‍ സംബന്ധിക്കും. സമാപന സമ്മേളനം 31നു കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
പരമ്പരാഗത ഉത്പന്നങ്ങള്‍, ജൈവവൈവിധ്യ ശേഖരങ്ങള്‍, അത്യുത്പാദനശേഷിയുള്ള വിത്തുകള്‍, തൈകള്‍, നൂതന സങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍, ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവുമാണ് കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം. ഉത്തരമലബാറിലെ ഏറ്റവും വലിയ പുഷ്പോത്സവം ഇവിടെ ഒരുക്കും. സാംസ്കാരിക പരിപാടികള്‍, സെമിനാറുകള്‍, വിവിധതരം കലാപരിപാടികള്‍, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്.
കാര്‍ണിവലിന്റെ ഭാഗമായി 10 ദിവസവും വിവിധ കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറുന്നു. 22നു വൈകുന്നേരം ആറിനു പള്ളിക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അവതരിപ്പിക്കുന്ന കലാസന്ധ്യ, ഏഴിനു ജയചന്ദ്രന് കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന മുളഗീതം, 23നു വൈകുന്നേരം ഏഴിനു കണ്ണൂര്‍ സീനത്തും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ സന്ധ്യ.
24നു വൈകുന്നേരം ആറിന് അജാനൂര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, ഏഴിന് പയ്യന്നൂര്‍ എസ്എസ് ഓര്‍ഗസ്ട്രയുടെ ഗാനമേള, 25നു വൈകുന്നേരം ആറിന് അഖിലകേരള കൈകൊട്ടിക്കളി മത്സരം, 26നു വൈകുന്നേരം ആറിന് കേരളോത്സവ വിജയികളുടെ കലാപ്രകടനം, ഏഴിനു അലോഷിയുടെ ഗസല്‍ കച്ചേരി, 27നു വൈകുന്നേരം ആറിന് ഉദുമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അവതരിപ്പിക്കുന്ന കലാസന്ധ്യ, ഏഴിന് സഭാഷ് അറുകരയും സംഘവും നയിക്കുന്ന നാടന്‍പാട്ട്, 28നു വൈകുന്നേരം ഏഴിന് സുധീര്‍ മാടക്കത്തിന്റെ മാജിക് ഷോ, 29നു വൈകുന്നേരം ആറിനു മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അവതരിപ്പിക്കുന്ന കലാസന്ധ്യ, നാട്ടുപയമ, എട്ടിന് സജീവന് ഇടയിലക്കാട് അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ, 30നു വൈകുന്നേരം ആറിന് ഉത്തരമേഖല ഒപ്പന മത്സരം. 31നു വൈകുന്നേരം ആറിന് പുല്ലൂര്‍-പെരിയ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അവതരിപ്പിക്കുന്ന കലാസന്ധ്യ. ഏഴിന് ഫ്യൂഷന്‍ ഡാന്‍സ് മിക്സ്. ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി 10.30 വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശനഫീസ്.
പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി. ഗീത, ഷക്കീല ബഷീര്‍, ബ്ലോക്ക് സെക്രട്ടറി എസ്. ഹരികൃഷ്ണന്, കൃഷി അസി. ഡയറക്ടര്‍ കെ. ബിന്ദു എന്നിവര്‍ പങ്കെടുത്തു.