ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനം; കാലതാമസം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
1488437
Thursday, December 19, 2024 7:56 AM IST
കാസര്‍ഗോഡ്: ഹയര്‍ സെക്കന്‍ഡറി അധ്യാപക ഒഴിവുകളില്‍ നിയമനം നടത്താനുള്ള കാലതാമസം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്. ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളില്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്കാന് കഴിയാത്ത വിധത്തില്‍ പൊതവിദ്യഭ്യാസ ഡയറക്ടര്‍ (ഹയര്‍സെക്കന്‍ഡറി വിഭാഗം) ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മനപൂര്‍വം കാലതാമസം വരുത്തുന്നതായുള്ള പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരാതി പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. അടുത്തമാസം കാസര്‍ഗോഡ് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
2024 ഫെബ്രുവരിയിലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒഴിവുകള്‍ ഉണ്ടായിട്ടും ബാഹ്യശക്തികള്‍ക്ക് വഴങ്ങി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് ആരോപണം. ഇക്കണോമിക്സ് വിഭാഗം (ജൂണിയര്‍) റാങ്ക് പട്ടികയില്‍ നിന്ന് ഒരാളെ പോലും നിയമിച്ചിട്ടില്ല. ഇതില്‍ മാത്രം 105 ഒഴിവുകളുണ്ട്. തസ്തിക മാറ്റം വഴി 25 ശതമാനം മാത്രം നിയമനം നല്‍കാമെന്നിരിക്കെ നിയമവിരുദ്ധമായി കൂടുതല്‍ തസ്തികകള്‍ മാറ്റിവയ്ക്കുന്നു.
പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലും ഇതുതന്നെയാണ് സ്ഥിതി. ഒഴിവുകള്‍ കൃത്യമായി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിയമം നിലവിലിരിക്കെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.