മഴ മാറുമ്പോൾ വരവറിയിച്ച് മഞ്ഞുകാലം
1488625
Friday, December 20, 2024 7:04 AM IST
കാഞ്ഞങ്ങാട്: കാലാവസ്ഥയുടെ കണക്കുകൾ മിക്കതും തെറ്റുമ്പോഴും വലിയ മാറ്റമില്ലാതെ ജില്ലയിൽ മഞ്ഞുകാലമെത്തി. ജില്ലയിൽ മിക്കയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി താപനില 25 ഡിഗ്രിയിൽ താഴെയായിരുന്നു. 40 ഡിഗ്രിയും കടന്ന വേനൽക്കാലത്തിന്റെ ഓർമകൾ മായാത്തതുകൊണ്ട് ഇത് ചെറുതല്ലാത്ത ആശ്വാസമാണ്. ഡിസംബറിന്റെ ആദ്യവാരങ്ങളിൽ കാലംതെറ്റി പെയ്ത മഴയാണ് മഞ്ഞുകാലത്തിന്റെ വരവ് വൈകിപ്പിച്ചത്.
മലയോരമേഖലയിലെ പാണത്തൂരിൽ 17.5 ഡിഗ്രിയായിരുന്നു കഴിഞ്ഞദിവസം രാവിലത്തെ താപനില. ഇതേ സമയത്ത് മടിക്കൈ എരിക്കുളത്ത് 19.6 ഡിഗ്രിയും താരതമ്യേന ചൂടുകൂടിയ ജില്ലയുടെ വടക്കൻ മേഖലകളിൽ 20 ഡിഗ്രിയും രേഖപ്പെടുത്തി.
മഞ്ഞുപെയ്യുന്ന ക്രിസ്മസ് രാത്രിയുടെ വരവറിയിച്ചുകൊണ്ട് മലയോരമേഖലയിൽ മിക്കയിടങ്ങളിലും രാത്രികാലങ്ങളിലും പുലർച്ചെയും കോടമഞ്ഞ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. റോഡുകളിൽ എതിരേ വരുന്ന വാഹനങ്ങളെ പോലും കാണാത്ത അവസ്ഥയിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നാട്ടുകാർ വാഹനയാത്രക്കാരെ ഓർമപ്പെടുത്തുന്നുണ്ട്.
കാട്ടുപന്നിയും ആനയുമടക്കമുള്ള മൃഗങ്ങളുടെ സാന്നിധ്യവും കാണാതിരിക്കാനിടയുണ്ട്. റാണിപുരം വിനോദസഞ്ചാരകേന്ദ്രവും ദിവസങ്ങളോളമായി കോടമഞ്ഞിന്റെ പുതപ്പിനടിയിലാണ്. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് ഇത് മികച്ച ദൃശ്യവിരുന്നാകുന്നു. ഇവിടെയും ആനകളുടെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി വനംവകുപ്പും നാട്ടുകാരും ജാഗ്രത പാലിക്കുന്നുണ്ട്.