എന്‍ഡോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രം യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രം ഇടപെടണം: എംപി
1488434
Thursday, December 19, 2024 7:56 AM IST
കാസര്‍ഗോഡ്: രാജ്യത്തിനുതന്നെ മാതൃകയാകുന്ന പുനരധിവാസകേന്ദ്രം എന്ന പ്രഖ്യാപനവുമായി മുളിയാര്‍ മുതലപ്പാറയില്‍ ആരംഭിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസ ഗ്രാമം സഹജീവനം സ്നേഹഗ്രാമത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒമ്പതു മാസം പിന്നിടുമ്പോള്‍ വെറും തെറാപ്പി സെന്റര്‍ മാത്രമായി മാറിയിരിക്കുകയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പാര്‍ലമെന്റില്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ ശുഷ്കാന്തി ഇതില്‍ കാണിക്കുന്നില്ല. ഇത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ പാവങ്ങളോട് കാണിക്കുന്ന ക്രൂരതയായിട്ടേ കാണാന്‍ സാധിക്കുകയുള്ളു. പ്രസ്തുത പുനരധിവാസ കേന്ദ്രം പൂര്‍ണസജ്ജമാക്കാന്‍ കേന്ദ്രം ഇടപടണമെന്ന് എംപി ആവശ്യപ്പെട്ടു.
ബഡ്സ് സ്കൂളുകളിലും മറ്റും ലഭിക്കേണ്ട സേവനങ്ങള്‍ മാത്രമാണിവിടെ നിലവില്‍ നല്‍കുന്നത്. പരിചരിക്കാന്‍ ആളുകളില്ലാത്തയും മാതാപിതാക്കള്‍ നഷ്ടപ്പെട്ടതുമായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ഇവിടെ താമസിപ്പിക്കുന്നതടക്കമുള്ള സമ്പൂര്‍ണ പുനരധിവാസം എന്നതായിരുന്നു പദ്ധതി തയാറാക്കുമ്പോഴുള്ള അധികൃതരുടെ കാഴ്ച്ചപ്പാട്. എന്നാല്‍ പദ്ധതിക്കു തറക്കല്ലിട്ട് നാലു വര്‍ഷം പിന്നിടുമ്പോള്‍ പുനരധിവാസം എന്നവാക്കു തന്നെ അധികൃതര്‍ മറന്നതു പോലെയാണു കാര്യങ്ങള്‍ നീങ്ങുന്നത്. സംസ്ഥാന സര്‍ക്കാരും ആവശ്യമായ ശുഷ്കാന്തി ഈ കാര്യത്തില്‍ കാണിക്കുന്നില്ല.
പ്ലാന്റേഷന് കോര്‍പറേഷനില്‍ നിന്ന് ഏറ്റെടുത്ത 25 ഏക്കര്‍ ഭൂമി യില്‍ രാജ്യത്തെ തന്നെ ഏറ്റവും രണ്ടു വലിയ പുനരധിവാസഗ്രാമം ഒരുക്കാനാണ് പദ്ധതിയിട്ടത്. അഞ്ചു ഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചെങ്കിലും രണ്ടാംഘട്ട നിര്‍മാണത്തിനുള്ള പണം പോലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രണ്ടാം ഘട്ടത്തില്‍ എന്തൊക്കെയാണു നിര്‍മിക്കേണ്ടതെന്നു പോലും തീരുമാനമായിട്ടില്ല.
വെറും തെറാപ്പി സെന്റര്‍ മാത്രമായി ഒതുക്കാതെ ഉടനടി കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഇടപെട്ട് പ്രസ്തുത കേന്ദ്രം പരിപൂര്ണസജ്ജമാക്കാന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ഇതില്‍ നേരിട്ട് ഇടപെടുകയും സാധ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഈ പുനധിവാസകേന്ദ്രം പൂര്‍ണമായും ഏറ്റെടുത്തു യാഥാര്‍ഥ്യമാക്കണമെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാവണമെന്നും എംപി ആവശ്യപ്പെട്ടു.