പാലക്കൊല്ലിയിലും പുലിയിറങ്ങി
1488430
Thursday, December 19, 2024 7:56 AM IST
മാലോം: ബളാൽ പഞ്ചായത്തിലെ മരുതോം പാലക്കൊല്ലിയിൽ റോഡിൽ പുലിയെ കണ്ടു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. മാലോത്ത് നിന്നും ബൈക്കിൽ കള്ളാറിലേക്ക് പോകുന്ന വഴിയാണ് മാലോം കണ്ണീർവാടിയിലെ ഇരുപ്പക്കാട്ട് ജെബി ജോൺസണും ഭാര്യയും പുലിയെ കണ്ടത്. റോഡിൽ നിൽക്കുന്ന പുലിയെ കണ്ട് പേടിച്ച ജെബി ബൈക്ക് തിരിച്ചു വീണ്ടും മാലോം ഭാഗത്തേക്ക് വന്നു.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. റോഡിൽ പുലിയെ കണ്ടതോടെ ഈ വഴിയിൽ കൂടി രാത്രിയിൽ വാഹനങ്ങൾ ഓടിയില്ല.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ കാൽനടയായും ഇതുവഴിപോകാറുണ്ട്. പുലിയെ കണ്ടതോടെ മരുതോം, ചുള്ളി, പാടി, പുല്ലടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ഇതോടെ പുലിപ്പേടിയിലായിരിക്കുകയാണ്.
ജില്ലാ ഫോറസ്സ് ഓഫീസർ അടക്കം സ്ഥലങ്ങൾ സന്ദർശിച്ച് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണമെന്നും പുലിയെ കൂട് വച്ച് പിടികൂടി ഉൾക്കാട്ടിൽ കൊണ്ടുവിടാൻ തയാറാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ആവശ്യപ്പെട്ടു.