ബിരിക്കുളം-കൊല്ലംപാറ റോഡിൽ നില്പ് സമരവുമായി നാട്ടുകാർ
1488051
Wednesday, December 18, 2024 6:29 AM IST
ബിരിക്കുളം: പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ബിരിക്കുളം-കൊല്ലംപാറ റോഡിൽ നില്പ് സമരവുമായി നാട്ടുകാർ. പ്രതിദിനം 25 ബസ് സർവീസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ മഴക്കാലം കഴിഞ്ഞപ്പോഴേക്കും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ചെറുതും വലുതുമായ വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവായി. വലിയ അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് അധികാരികൾ കണ്ണ് തുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സദ്ഗമയ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നില്പ് സമരം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ അറ്റകുറ്റപണികൾ നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രിക്കും ജില്ലാ കളക്ടർക്കും ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും കത്തയച്ചു. സമിതി പ്രസിഡന്റ് എൻ. സന്തോഷ്, സെക്രട്ടറി കെ.ടി. ദിവ്യേഷ്, സി. രാജേഷ്, സജീഷ്, സതീശൻ, ജനാർദനൻ കാറളം എന്നിവർ നേതൃത്വം നൽകി.