പുലിഭീതിയില്‍ വിറങ്ങലിച്ച് മടിക്കൈ
1488429
Thursday, December 19, 2024 7:56 AM IST
കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലെ വാഴക്കോട്, വെള്ളൂട പ്രദേശങ്ങളില്‍ ഭീതിവിതച്ച് പുലിയുടെ സാന്നിധ്യം. പുലിയെ കണ്ടെത്താനായി ഫോറസ്റ്റ് അധികൃതരുടെയും നാട്ടുകാരുടെ നേതൃത്വത്തില്‍ വ്യാപകമായി തിരച്ചില്‍ നടത്തി. വാഴക്കോട്ടെ പ്രവാസിയായ ഉണ്ണിയുടെ വീട്ടില്‍ പുലിയെത്തി. രാത്രി ഒമ്പതോടെ വീടിനോട് ചേര്‍ന്നുകിടക്കുന്ന മണ്‍തിട്ടയില്‍ നിന്ന് അടുക്കളഭാഗത്തെ റൂഫിന്റെ മുകളിലേക്കാണ് പുലി ചാടി വീണത്.
വലിയ ശബ്ദം കേട്ട് വീട്ടുകാരും ബന്ധുക്കളും നോക്കിയപ്പോഴാണ് ഷിറ്റ് പന്തലിന്റെ മുകളില്‍ പുലിയെ കണ്ടത്. ബഹളം കേട്ടതോടെ സമീപത്തെ കാട്ടിലേക്ക് പുലി ഓടിമറിഞ്ഞു. വെള്ളൂട നെല്ലിയടുക്കത്തെ ബിജുവിന്റെ വീട്ടുമുറ്റത്ത് ഞായറാഴ്ച രാത്രി പുലി എത്തിയിരുന്നു. കൂട്ടില്‍ ഉണ്ടായിരുന്ന പട്ടിയുടെ കരച്ചില് കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ബഹളം വച്ചപ്പോള്‍ ഓടിമറഞ്ഞു. സംഭവത്തിനുശേഷം പേടിച്ചരണ്ട പട്ടി ഭക്ഷണം പോലും കഴിക്കാന്‍ കൂട്ടാക്കാതെ കൂട്ടില്‍ ചുരുണ്ടുകൂടി കിടക്കുകയാണെന്ന് ബിജു പറഞ്ഞു. വനമേഖലയൊന്നുമില്ലാത്ത മടിക്കൈയില്‍ എങ്ങനെ പുലി എത്തിയെന്നാണ് നാട്ടുകാര്‍ അത്ഭുതപ്പെടുന്നത്.
തുടര്‍ച്ചയായി പുലിയെ കണ്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്. ബാബു ഈ പ്രദേശങ്ങളിലെ കാല്‍പ്പാടുകള്‍ പരിശോധിച്ചു. വരുംദിവസങ്ങളില്‍ കാമറകള്‍ ഉള്‍പ്പെടെ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്. ബാബു പറഞ്ഞു. ബീറ്റ് ഫോറ്റസ് ഓഫീസര്‍മരായ വിഷ്ണു കൃഷ്ണന്, ബി. ഭവിത്, ഫോറസ്റ്റ് വാച്ചര്‍ മാധവന്, സര്‍പ റെസ്ക്യൂമാരായ സുനില്‍ സുരേന്ദ്രന്, സി. അനൂപ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.