സബ് കളക്ടറുടെ വാഹനം ജപ്തി ചെയ്തു
1488048
Wednesday, December 18, 2024 6:29 AM IST
കാഞ്ഞങ്ങാട്: ദേശീയപാത നിര്‍മാണത്തിന് ഏറ്റെടുത്ത സ്ഥലത്തിന്റെ പണം സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സബ് കളക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു. സബ് കളക്ടര്‍ പ്രതീക് ജയിന് ഉപയോഗിക്കുന്ന കെഎല്‍ 14 എന്‍ 9999 നമ്പര്‍ ഇന്നോവയാണ് ഹൊസ്ദുര്‍ഗ് സബ്കോടതി ജപ്തി ചെയ്തത്. ദേശീയപാതയില്‍ നീലേശ്വരം പള്ളിക്കരയില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിന് പള്ളിക്കരയിലെ പരേതയായ ഇന്ത്യന്‍ വളപ്പില്‍ മാണിക്യം ഫയല്‍ ചെയ്ത കേസില്‍ ആണ് കോടതി നടപടി.
സെന്റിന് അരലക്ഷം രൂപ കണക്കാക്കി സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും പണം കിട്ടിയില്ല. മാണിക്യത്തിന്റെ മരണശേഷം ശാന്ത, ലീല ഉള്‍പ്പെടെ മൂന്നു മക്കള്‍ സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തെങ്കിലും ഇവര്‍ക്ക് അനുകൂലമായ വിധിയുണ്ടായില്ല. തുടര്‍ന്ന് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കേസില്‍ തുടര്‍വിചാരണ നടത്താന്‍ ആവശ്യപ്പെട്ടു.
ഹോസ്ദൂര്‍ഗ് ബാറിലെ അഭിഭാഷകന് കെ. പീതാംബരന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ കേസില്‍ 15 ശതമാനം പലിശയടകം 15 ലക്ഷത്തോളം രൂപ പരാതിക്കാരന് നല്കാന് കോടതി വിധിച്ചു. ദേശീയപാത സ്ഥലം ഏറ്റടുക്കുന്നതിന് നിയോഗിച്ച ലാന്‍ഡ്സ് വിഭാഗം സ്പെഷല്‍ തഹസില്‍ദാര്‍, നാഷണല്‍ ഹൈവേ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ജില്ലാ കളക്ടര്‍ എന്നിവരെയായിരുന്നു എതിര്‍കക്ഷിയാക്കിയത്.
വിധി വന്ന് ആറുമാസം കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ പരാതിക്കാര്‍ കോടതിയെ സമീപിച്ച് എക്സിക്യൂഷന് ഫയല്‍ ചെയ്തു. സബ് കളക്ടറുടെ വാഹനം ജപ്തി ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതിലാണ് കഴിഞ്ഞദിവസം വിധിയുണ്ടായത്.
രാവിലെ സബ് കളക്ടറുടെ വാഹനം കോടതിയില്‍ എത്തിക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും സബ് കളക്ടര്‍ ഈ വാഹനത്തില്‍ യാത്രയിലായിരുന്നു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ വാഹനം സബ്കോടതിയില്‍ എത്തിച്ചു.
ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുടെ ചുമതലയുള്ള കാഞ്ഞങ്ങാട് സബ് കളക്ടര്‍ക്ക് ഇതോടെ വാഹനമില്ലാതെയായി. ജില്ലാ കളക്ടര്‍ ഉപയോഗിച്ചിരുന്ന ഇന്നോവയാണിത്. കളക്ടര്‍ക്ക് മറ്റാരു വാഹനം എത്തിയതോടെ ആറുമാസം മുന്‍പ് കാഞ്ഞങ്ങാട് സബ് കളക്ടര്‍ക്ക് നല്‍കുകയായിരുന്നു.