ക്രിസ്മസ് അവധിക്കാലത്ത് കൂടുതല്‍ ട്രെയിനുകളും കോച്ചുകളും വേണം: എംപി
1487892
Tuesday, December 17, 2024 7:18 AM IST
കാസര്‍ഗോഡ്: ക്രിസ്മസ്-പുതുവത്സര അവധിക്ക് നാട്ടിലെത്തുന്നതായി കൂടുതല്‍ ട്രെയിനുകളും കോച്ചുകളും അനുവദിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ആവശ്യപ്പെട്ടു. ഡിസംബര്‍ ആദ്യവാരം മുതല്‍ തന്നെ ബംഗളുരു, ന്യൂഡല്‍ഹി, തിരുവനന്തപുരം, മംഗളുരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളുടെ വെയിറ്റിംഗ് ലിസ്റ്റ് 150ന് മുകളിലാണ്.
പ്രത്യേക ട്രെയിനുകള്‍ അനുവദിക്കുകയും നിലവിലെ ട്രെയിനുകളില്‍ അധികം കോച്ചുകള്‍ ഏര്‍പ്പാടാക്കുകയും ചെയ്യുക മാത്രമാണ് ഇതിനു പോംവഴി. മാത്രമല്ല ജനശതാബ്ദി, വന്ദേഭാരത്, ചെന്നൈ മെയില്‍, മാവേലി, മലബാര്‍, മംഗലാപുരം എക്സ്പ്രസ് തുടങ്ങിയ സംസ്ഥാനത്തു ഓടുന്ന ട്രെയിനുകളിലും സ്ഥിതി വിഭിന്നമല്ല. കൂടാതെ ശബരിമല സീസണിലെ തിരക്കുമുണ്ട്.
ഈ വക കാര്യങ്ങള്‍ കാണിച്ചു കൊണ്ട് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഏറ്റവും സുപ്രധാനമായ ഇത്തരം ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുകയും വടക്കന്‍ കേരളത്തില്‍ പ്രത്യേകം ട്രെയിനുകളും നിലവിലുള്ള ട്രെയിനുകളില്‍ അധിക കോച്ചുകളും ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് ദക്ഷിണ റെയില്‍വേ അധികാരികളുമായി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി എംപി അറിയിച്ചു.
അനുകൂലമായ നടപടികള്‍ക്കു വേണ്ടി ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിലും ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്. ഉടന്‍ ഇതിനാവശ്യമായ നടപടികള്‍ പ്രതീക്ഷിക്കുകയാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.