കെഎസ്ആർടിസിക്ക് ചിറ്റാരിക്കാലിനോട് ചിറ്റമ്മനയം
1488431
Thursday, December 19, 2024 7:56 AM IST
ചിറ്റാരിക്കാൽ: കെഎസ്ആർടിസി അധികൃതർക്ക് ചിറ്റാരിക്കാലിനോട് കടുത്ത അവഗണനയെന്ന് പരാതി. ചിറ്റാരിക്കാലിലേക്കുള്ള ബസുകൾ കെഎസ്ആർടിസി അധികൃതർ നിരന്തരം റദ്ദു ചെയ്യുകയോ റൂട്ട് മാറ്റുകയോ ചെയ്യുകയാണെന്ന് വോയിസ് ഓഫ് ചിറ്റാരിക്കാൽ കൂട്ടായ്മ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കാഞ്ഞങ്ങാട് നിന്ന് രാത്രി 8.40ന് പുറപ്പെട്ട് 10ന് ചിറ്റാരിക്കാലിൽ എത്തിയിരുന്ന ബസിന്റെ റൂട്ട് മാറ്റിയതാണ് ഒടുവിലത്തെ സംഭവം.
ദൂരസ്ഥലങ്ങളിൽ നിന്നെത്തി വൈകുന്നേരം കാഞ്ഞങ്ങാട് ട്രെയിനിറങ്ങുന്നവർക്ക് മലയോരത്തേക്കെത്താനുള്ള ആശ്രയമായിരുന്നു ഈ ബസ്. ഇതു നിർത്തലാക്കുന്നതോടെ വൈകുന്നേരം 6.15നു ശേഷം കാഞ്ഞങ്ങാട്ടു നിന്നു ചിറ്റാരിക്കാലിലേക്ക് ബസ് സർവീസ് ഇല്ലാതായി. ചിറ്റാരിക്കാലിൽ നിന്നു കാസർഗോട്ടേക്കുള്ള ബസ് സർവീസ് നേരത്തേ റദ്ദാക്കിയിരുന്നു.
ചിറ്റാരിക്കാൽ-മണ്ഡപം-കുന്നുംകൈ-നീലേശ്വരം റൂട്ടിൽ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന ബസും പുലർച്ചെ 4.30നു ചിറ്റാരിക്കാലിൽ നിന്ന് പുറപ്പെട്ട് പാവൽ, കടുമേനി വഴി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്ന ബസും അകാരണമായി നിർത്തലാക്കി.
മാനന്തവാടി ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകൾ നർക്കിലക്കാട്, ഭീമനടി റൂട്ടിൽ പോകുമ്പോൾ ഒരു സർവീസെങ്കിലും മണ്ഡപം, കുന്നുംകൈ റൂട്ടിൽ വേണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. മണ്ഡപം റൂട്ടിൽ അനുവദിക്കുന്ന ബസുകൾ പോലും ചിലരുടെ സ്ഥാപിത താത്പര്യങ്ങൾക്കു വേണ്ടി റൂട്ട് മാറ്റുകയാണെന്ന് കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു.
മണ്ഡപം-ചിറ്റാരിക്കാൽ റൂട്ടിനെ തന്നെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരായി ഗതാഗതമന്ത്രിക്ക് പരാതി നല്കാനൊരുങ്ങുകയാണെന്ന് കൂട്ടായ്മ ഭാരവാഹികളായ ഷിജിത്ത് തോമസ് കുഴുവേലിൽ, ഹൃതിക് പൂവത്താനി, റോഷൻ എഴുത്തുപുരക്കൽ, സെലക്ട് ഇടക്കരോട്ട്, മനോജൻ രവി എന്നിവർ പറഞ്ഞു.