നിര്‍ധന രോഗികള്‍ക്കുള്ള അശോകന്റെ സൗജന്യ ഉച്ചഭക്ഷണ വിതരണം 20 വയസ് പിന്നിടുന്നു
1488045
Wednesday, December 18, 2024 6:29 AM IST
സ്വന്തം ലേഖകന്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഗവ. ജനറല്‍ ആശുപത്രിയിലെ കാന്റീനു മുന്നില്‍ ഉച്ചയ്ക്കു 12ഓടെ ചോറ്റുപാത്രവുമായി ഒരു നീണ്ട ക്യൂ രൂപപ്പെട്ടുതുടങ്ങും. കൃത്യം 12.30നു തന്നെ വെള്ള ഷര്‍ട്ടും കറുപ്പ് പാന്റ്സും ധരിച്ച ഒരു മനുഷ്യന് കാന്റീനില്‍ നിന്നും വാങ്ങിയ ചോറും കറികളുമായി അവര്‍ക്കു മുമ്പിലെത്തും. ആവി പറക്കുന്ന ചോറും മീന്‍കറിയും സാമ്പാറും തോരനും അച്ചാറും അടങ്ങുന്ന ഉച്ചഭക്ഷണം ചൂടോടെ അവരുടെ പാത്രങ്ങളിലേക്ക് വിളമ്പും. കാഞ്ഞങ്ങാങ്ങാട് മഡിയന്‍ സ്വദേശി എം .അശോകന്റെ കഴിഞ്ഞ 20 വര്‍ഷത്തെ ദിനചര്യയുടെ ഭാഗമാണ് സൗജന്യ ഉച്ചഭക്ഷണ വിതരണം.
ലോകം മുഴുവന്‍ സ്തംഭിച്ചുപോയ കോവിഡ് കാലത്ത് പോലും ഇതിനു മുടക്കം വന്നില്ല. തുടക്കത്തില്‍ ഒരു ഊണിന് ഒമ്പതു രൂപയായിരുന്നു വില. 36 പേരാണ് ആദ്യദിനം ഭക്ഷണം വാങ്ങാനുണ്ടായിരുന്നത്. ഇന്ന് 30 രൂപയാണ് ഊണിന്റെ വില. രോഗികളും കൂട്ടിരിപ്പുകാരും അടക്കം 120 ഓളം പേര്‍ക്ക് ഭക്ഷണം നല്കുന്നു. -അശോകന് പറഞ്ഞു.
24 വര്‍ഷം മുമ്പ് ഗുരുതരമായ വൃക്കരോഗം ബാധിച്ചതിനെതുടര്‍ന്ന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിടത്തുനിന്നും ജീവിതം തിരികെപ്പിടിച്ച അശോകന് ഒരു കാര്യം തീരുമാനിച്ചു. താന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ ചികിത്സയും മരുന്നും ഭക്ഷണവുമെല്ലാം ലഭ്യമായത് ഒരുപാട് സുമനസുകളുടെ കാരുണ്യം കൊണ്ടാണ്. ഇനിയുള്ള തന്റെ ജീവിതം പാവപ്പെട്ട രോഗികള്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം എത്തിച്ചു നല്‍കാനായി വിനിയോഗിക്കും.
അങ്ങനെയാണ് സൗജന്യ ഭക്ഷണവിതരണം ആരംഭിക്കുന്നത്. ഉദാരമനസ്കരായ ആളുകളുടെ സഹായത്തോടെയാണ് ഇതിനാവശ്യമായ തുക കണ്ടെത്തിയത്. സാമ്പത്തികബുദ്ധിമുട്ടുകള്‍ പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും നാളിതുവരെ അശോകൻ തന്റെ വാക്ക് പാലിച്ചു. നിര്‍ധനരോഗികളെ സൗജന്യമായി അന്നമൂട്ടുന്ന അശോകന്റെ ഈ പുണ്യപ്രവൃത്തി ഇനിയും തടസമില്ലാതെ തുടരേണ്ടതുണ്ട്. അത് ഈ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അശോകന്റെ ഫോണ്‍ നമ്പര്‍: 9447652221.