ഡ്രോണ്‍ ഉള്‍പ്പെടെ ശാസ്ത്രീയ സംവിധാനം ഉപയോഗപ്പെടുത്തി പുലിഭീഷണിക്ക് പരിഹാരം വേണം: മുസ്ലിം ലീഗ്
1488053
Wednesday, December 18, 2024 6:29 AM IST
ബോവിക്കാനം: മുളിയാറിലെ രൂക്ഷമായ പുലിഭീഷണിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ജില്ലാ കളക്ടര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്ക് നിവേദനമയച്ചു. മുളിയാര്‍ പഞ്ചായത്ത് ഭൂരിഭാഗവും പ്ലാന്റേഷന് കോര്‍പറേഷന്റെയും വനം വകുപ്പിന്റെയും അധീനതയിലുള്ള ഭൂമിയാണ്.
ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി പുലിയുടെ അക്രമണ ഭീഷണിയുടെ നിഴലിലാണ്. ഒന്നരവര്‍ഷം മുമ്പാണ് ആദ്യമായി പുലിയെ കണ്ടതായി പൊതുജനങ്ങളും ജന പ്രതിനിധികളും പരാതിപ്പെട്ടത്. അന്ന് ഇക്കാര്യം അധികൃതര്‍ മുഖവിലക്കെടുത്തില്ല. പിന്നീട് പലരുടെയും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ അക്രമണം നടത്തുകയും കൊന്നുതിന്നുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ജനവാസകേന്ദ്രങ്ങളില്‍ പുലിയെ കാണപ്പെടാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥികളും വീട്ടമ്മമാരും പുലിയുടെ അക്രമണത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വ്യാപകമായ പരാതിയും വാര്‍ത്തയും പരന്നതോടെ വനംവകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഒരു കൂട്ടം പുലികള്‍ മുളിയാര്‍ വനാതിര്‍ത്തിക്കകത്ത് ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാസം രണ്ടുപിന്നിട്ടിട്ടും പുലിയെ കെണിവച്ച് പിടിക്കാനോ ഓടിച്ച് മാറ്റാനോ കഴിഞ്ഞിട്ടില്ല.
പുലിയെകണ്ട മേഖലയില്‍ തന്നെ നൂറു കണക്കിന് കുട്ടികള്‍ പഠിക്കുന്ന വിദ്യാലമുണ്ട്. വളരെ ആകുലതയോടെയാണ് രക്ഷിതാക്കള്‍ മക്കളെ പഠിക്കാന്‍ വിടുന്നത്.
ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റി ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ സംവിധാനം പ്രയോജനപ്പെടുത്തി പുലിയെ പിടികൂടുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും നടപടികള്‍ കൈക്കൊള്ളാണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.