കേന്ദ്രസര്‍വകലാശാലയില്‍ റൂറല്‍ അഗ്രിടെക് ഹാക്കത്തോണ്‍ നടത്തി
1487889
Tuesday, December 17, 2024 7:18 AM IST
പെരിയ: കാര്‍ഷിക, ഗ്രാമീണ മേഖലകളിലെ വികസന വെല്ലുവിളികള്‍ നേരിടുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ റൂറല്‍ അഗ്രിടെക് ഹാക്കത്തോണ്‍ സംഘടിപ്പിച്ചു. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം, ഇന്നവേഷന്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍, ഇന്സ്റ്റിറ്റ്യൂഷന് ഇന്നവേഷന്‍ കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച 30 മണിക്കൂര്‍ ഹാക്കത്തോണില്‍ കോഴിക്കോട് നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി കോകോ ബോട്ട് മികച്ച ആശയത്തിനുള്ള ഒന്നാം സമ്മാനമായ 50,000 രൂപയുടെ കാഷ് പ്രൈസ് നേടി. അഷിന്‍ പി. കൃഷ്ണയും ഗോകുല്‍ കൃഷ്ണനുമാണ് ടീം അംഗങ്ങള്‍. വി ഈറ്റ് ബ്ലോക്ക്സ് (കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജ്), ടം റസ് (മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്), കൊടെക്സ്പ്ലോറ (എല്‍ബിഎസ് എന്‍ജിനിയറിംഗ് കോളജ്) എന്നിവര്‍ റണ്ണേഴ്സപ്പായി. ഒന്നാമതെത്തിയ ടീമിന് 50,000 രൂപയും മറ്റുള്ളവര്‍ക്ക് 10,000 രൂപ വീതവുമാണ് കാഷ് പ്രൈസ്. കേരള കേന്ദ്രസര്‍വകലാശാല, കേരള സ്റ്റാര്‍ട്ടപ് മിഷന്, സിപിസിആര്‍ഐ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന്റെ ഭാഗമായിട്ടായിരുന്നു ഹാക്കത്തോണ്‍.
വിവിധ സര്‍വകലാശാലകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രഫ.ആര്. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.എസ്. ഷാരോണ്‍വാസ്, ഡോ. രവിഭട്ട്, പ്രഫ.ജെ.എസ്. ജയസുധ, സി.ഹാഷിര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.ടി.എം. തസ്ലീമ സ്വാഗതവും ഡോ.വി. ആദിത്യ നന്ദിയും പറഞ്ഞു.