മീനഞ്ചേരിയിൽ കാട്ടാന, മടിക്കൈയിലും മരുതോത്തും പുലി
1488428
Thursday, December 19, 2024 7:56 AM IST
പാലാവയൽ: മീനഞ്ചേരിയിൽ കർണാടക വനാതിർത്തി കടന്നെത്തിയ കാട്ടാന കൃഷി നശിപ്പിച്ചു. പാലാവയലിലെ ചെറിയാൻ കൂട്ടുങ്കലിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ കാർഷിക വിളകളാണ് നശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ആനയിറങ്ങിയത്.
40 റബർ തൈകളും 200 ഓളം വാഴകളും പാടേ നശിപ്പിച്ചു. ഇതിനു മുമ്പുള്ള രണ്ടു രാത്രികളിലും കാട്ടാന കൃഷിയിടത്തിലെത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
കർണാടക വനാതിർത്തിയിൽ ഓടപ്പള്ളി മുതൽ കോളിത്തട്ട് കോളനി വരെയുള്ള ഭാഗത്ത് സൗരോർജ വേലി നിർമിച്ചിട്ടുണ്ട്. ഇവിടെനിന്ന് തയ്യേനി വരെയുള്ള മൂന്നര കിലോമീറ്റർ ഭാഗത്താണ് വേലിയില്ലാത്തത്.
ഈ ഭാഗത്തുകൂടിയാണ് ആനകളിറങ്ങുന്നത്. ഇവിടെ കൂടി സൗരോർജവേലിയുടെ നിർമാണം നടത്തുമെന്ന് കാലങ്ങളായി വനം വകുപ്പ് പറയുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
ഇനിയും സൗരോർജവേലിയുടെ നിർമാണം നടക്കുന്നില്ലെങ്കിൽ ശക്തമായ ജനകീയ സമരപരിപാടികൾ ആരംഭിക്കുമെന്ന് വാർഡ് മെംബർ പ്രശാന്ത് സെബാസ്റ്റ്യൻ പറഞ്ഞു.