ദേശീയപാതയില്‍ ആന്റിഗ്ലെയര്‍ റിഫ്ലക്ടറുകള്‍ സ്ഥാപിക്കും
1487891
Tuesday, December 17, 2024 7:18 AM IST
കാസര്‍ഗോഡ്: രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ് വെളിച്ചം കാഴ്ച മറയ്ക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനായി ദേശീയപാത മീഡിയനുകളില്‍ ആന്റിഗ്ലെയര്‍ റിഫ്ലക്ടറുകള്‍ സ്ഥാപിക്കും.
തലപ്പാടി മുതല്‍ ചെര്‍ക്കള വരെയുള്ള ഒന്നാം റീച്ചില്‍ പണി പൂര്‍ത്തിയായ ദേശീയപാതയില്‍ മധ്യത്തില്‍ നിര്‍മിച്ച മീഡിയനുകളുടെ ഉയരം 1.1 മീറ്റര്‍ മാത്രമാണ്. അതിനാല്‍ എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശം വാഹനമോടിക്കുന്ന ഡ്രൈവറുടെ കണ്ണിലേക്ക് നേരിട്ട് പതിക്കും.
ഇതു കാരണം രാത്രിയില്‍ ഡ്രൈവിംഗിന് പ്രയാസം അനുഭവപ്പെടും. ടാങ്കര്‍ അടക്കമുള്ള വാഹനങ്ങള്‍ പലപ്പോഴും ഹെഡ്ലൈറ്റുകളില് വലിയ പ്രകാശം വിതറി കടന്നു പോകുമ്പോള്‍ മറുഭാഗത്തുനിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് റോഡ് കാണാന്‍ സാധിക്കാത്ത സ്ഥിതി ഉണ്ടാകുന്നു. വളവുകളിലാണ് ഇത് പ്രധാനമായും പ്രശ്നമുണ്ടാക്കുന്നത്. ഇത് അപകടത്തിനും കാരണമാകുന്നു. ജില്ലയില്‍ നിലവില്‍ കാസര്‍ഗോഡ് - ചെര്‍ക്കള ദേശീയപാത 66 വികസനം അവസാന ഘട്ടത്തിലാണ്. ആന്റിഗ്ലെയര്‍ റിഫ്ലക്ടറുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കാനുള്ള നടപടികളിലാണ് അധികൃതര്‍.
ഇരു ദിശകളിലേക്കുമുള്ള പാതയുടെ മധ്യത്തിലെ മീഡിയനിലാണ് ഇവ സ്ഥാപിക്കുന്നത്. പ്രത്യേക കോട്ടിംഗ് ഉപയോഗിച്ചുള്ള പ്ലാസ്റ്റിക്, അലുമിനിയം എന്നിവ ഉപയോഗിച്ചുള്ള പാനലുകളിൽ പ്രത്യേക മാതൃകയിലാണ് ഇവ നിര്‍മിക്കുന്നത്. പൊതുവേ പച്ച നിറവും മഞ്ഞ നിറവും ഉപയോഗിച്ചാണ് ഇവയുടെ ഡിസൈന്‍.
റെട്രോ- റിഫ്ലക്റ്റീവ് സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. ഹെഡ്ലൈറ്റുകളുടെ പ്രകാശം എവിടെ നിന്ന് വരുന്നോ തിരികെ അതേ ദിശയില്‍ തിരിച്ചയയ്ക്കുന്നു. ഇതുവഴി ഡ്രൈവറുടെ കാഴ്ച മറയുന്ന പ്രശ്നം ഒഴിവാകുന്നു.