വീട്ടുമുറ്റത്ത് പുലിയെത്തി
1488046
Wednesday, December 18, 2024 6:29 AM IST
മുള്ളേരിയ: കൊട്ടംകുഴിയില്‍ വീട്ടുമുറ്റത്ത് പുലിയെത്തി. ഇന്നലെ രാത്രി എട്ടോടെയാണ് കൊട്ടംകുഴിയിലെ രാമകൃഷ്ണന്റെ വീട്ടുമുറ്റത്തേക്ക് പുലി കുതിച്ചെത്തിയത്. പുലിയെ കണ്ട് ഭയന്ന വളര്‍ത്തുനായ വീട്ടിനകത്തേക്ക് ഓടിക്കയറി. ഇതോടെ സംശയം തോന്നി വീട്ടുകാര്‍ പുറത്തേക്ക് നോക്കിയപ്പോഴാണ് വീട്ടുമുറ്റത്ത് പുലിയെ കണ്ടത്. വീട്ടുകാര്‍ ബഹളം വെച്ചതോടെ പുലി ഓടിമറയുകയായിരുന്നു. അതേസമയം സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കാട്ടുപന്നിയെ പുലി കൊന്ന നിലയില്‍ കാണപ്പെട്ടു.
എരിഞ്ഞിപ്പുഴയുടെ തെക്കുഭാഗത്തു രാഘവന് നായരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ ഇന്നലെ രാവിലെയാണ് പന്നിയുടെ ജഡം കാണപ്പെട്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇരു ചെവികളും കടിച്ചുമുറിച്ച നിലയിലാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാണ്ടിയില്‍ നിന്നു ഫോറസ്റ്റ് അധികൃതര്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജഡം സ്ഥലത്തു തന്നെ കുഴിച്ചിട്ടു.
കഴിഞ്ഞ ദിവസം പേരടുക്കത്തും ഒയങ്കോലിലും പുലിയെ കണ്ടിരുന്നു. സംരക്ഷിത വനമേഖലക്കടുത്ത് പുലിമടയും കണ്ടെത്തി. പുലിയുടെ സാന്നിധ്യം കണ്ട അടുക്കത്തൊട്ടിയില്‍ കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല. സമീപത്ത് നിരീക്ഷണകാമറ സ്ഥാപിച്ചെങ്കിലും അതില്‍ പുലിയുടെ ദൃശ്യവും പതിഞ്ഞില്ല.
ഇതോടെ ജനങ്ങള്‍ ഭീതിയിലാണ്. സ്കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാരാണ് ഇതുവഴി പോകുന്നത്. പകല്‍സമയങ്ങളില്‍ പോലും പുലികളെ കാണുന്നതിനാല്‍ ഭീതി വര്‍ധിക്കുകയാണ്. ഇതിനുമുമ്പും രാമകൃഷ്ണന് നായരുടെ വീട്ടുമുറ്റത്ത് പുലിയെ കണ്ടിരുന്നു. അടുക്കത്തൊട്ടി പ്രദേശം ജനവാസ മേഖലയാണ്. ഇവിടെ കൂട് സ്ഥാപിച്ചതുകൊണ്ട് പ്രയോജനമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംരക്ഷിതവനമേഖലയില്‍ കൂട് സ്ഥാപിക്കാന്‍ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് അടുക്കത്തൊട്ടിയില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. കല്ലളിക്കാല്‍ എന്ന സ്ഥലത്ത് പുലി തങ്ങുന്നുവെന്ന് സംശയിക്കുന്ന ഗുഹയുണ്ട്. ഇതു സംരക്ഷിത വനമേഖലയിലാണ്.
സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട് സ്ഥാപിച്ചാല്‍ പുലിയെ കുടുക്കാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനിടെ നേരോട് വളങ്കയത്ത് ഇന്നലെ രാത്രി കാട്ടാനയെ കണ്ടു. ഇതോടെ പ്രദേശത്തെ കര്‍ഷകര്‍ അടക്കം ആശങ്കയിലാണ്.