35 സ്മാര്‍ട്ട് അങ്കണവാടി നിര്‍മാണത്തിനായി 11.71 കോടി രൂപയ്ക്ക് ഭരണാനുമതി
1487627
Monday, December 16, 2024 7:08 AM IST
കാസര്‍ഗോഡ്: വനിതാ ശിശു വികസന വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് കാസര്‍ഗോഡ് വികസന പാക്കേജിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള കെട്ടിടം നിര്‍മിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കാസര്‍ഗോഡ് വികസന പാക്കേജില്‍ ഏറ്റെടുത്ത 16 അങ്കണവാടികളുടെ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടന സജ്ജമായി. 27 അങ്കണവാടികളുടെ കെട്ടിടനിര്‍മാണം അന്തിമഘട്ടത്തിലാണ്.
അതോടൊപ്പം 2024-25 സാമ്പത്തിക വര്‍ഷം ഇതുവരെയായി 20 അങ്കണവാടികളുടെ കെട്ടിടനിര്‍മാണത്തിന് ഭരണാനുമതിയായി. സ്വന്തമായി സ്ഥലം ലഭ്യമല്ലാത്ത അങ്കണവാടിക്ക് സ്ഥലം കണ്ടെത്തുന്നതിനായി വിവിധങ്ങളായ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പ് മുഖേനയോ സിഎസ്ആര്‍ ഫണ്ട് മുഖേനയോ മറ്റു വകുപ്പുകള്‍ മുഖേനയോ 54 അങ്കണവാടികള്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്താന്‍ ഊര്‍ജിതശ്രമം നടത്തി വരികയാണ്. സ്പോണ്‍സര്‍ഷിപ്പ് മുഖേന സ്ഥലംവിട്ടു നല്കാന് തയാറുണ്ടെങ്കില്‍ അങ്കണവാടിക്ക് നിര്‍ദേശിക്കുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേര് നല്‍കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലാ കളക്ടര്‍ കെ .ഇന്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍ഗോഡ് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി യോഗത്തില്‍ 2024-25 സാമ്പത്തിക വര്‍ഷം 35 സ്മാര്‍ട്ട് അങ്കണവാടി കെട്ടിടനിര്‍മാണത്തിനായി ഭരണാനുമതി നല്‍കിയിട്ടുണ്ട്.
ജില്ലയിലെ സ്വന്തമായി സ്ഥലമുള്ളതും എന്നാല്‍ കാലപ്പഴക്കം ചെന്നതും വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്നതുമായ അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ പുത്തിഗെ പഞ്ചായത്തിലെ ദേരടുക്കയില്‍ സ്മാര്‍ട്ട് അങ്കണവാടി- 32.74 ലക്ഷം, ചെന്നിക്കൊടി അങ്കണവാടി- 35.61 ലക്ഷം, മംഗല്പാടി പഞ്ചായത്തിലെ പ്രതാപ് നഗര്‍ സ്മാര്‍ട്ട് അങ്കണവാടി- 27.44 ലക്ഷം, ഒബെര്ല ബേക്കൂര്‍ അങ്കണവാടി- 34.47 ലക്ഷം, കുമ്പള പഞ്ചായത്തിലെ നീരോളി അങ്കണവാടി- 32.56 ലക്ഷം, ആരിക്കാടി കടവത്ത് അങ്കണവാടി- 30 ലക്ഷം, മീഞ്ച പഞ്ചായത്തിലെ നവോദയ നഗര്‍ അങ്കണവാടി- 32.37 ലക്ഷം, പൈവളികെ പഞ്ചായത്തിലെ കയര്‍കട്ടെ അങ്കണവാടി- 33.50 ലക്ഷം, ചിപ്പാര്‍ അങ്കണവാടി- 31.85 ലക്ഷം, മഞ്ചേശ്വരം പഞ്ചായത്തിലെ മച്ചംപാടി അങ്കണവാടി- 34 ലക്ഷം, എന്മകജെ പഞ്ചായത്തിലെ സായ അങ്കണവാടി- 31.95 ലക്ഷം, വോര്‍ക്കാടി പഞ്ചായത്തിലെ കജെപദവ് അങ്കണവാടി- 34.27 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.
കാസര്‍ഗോഡ് നിയോജക മണ്ഡലത്തിൽ കുമ്പഡാജെ പഞ്ചായത്തിലെ ബാലച്ചിറ അങ്കണവാടി- 32.75 ലക്ഷം, മധൂര്‍ പഞ്ചായത്തിലെ ഷിരിബാഗിലു അങ്കണവാടി- 33.64 ലക്ഷം, കാറഡുക്ക പഞ്ചായത്തിലെ ഗാഡിഗുഡ്ഡെ അങ്കണവാടി- 32.93 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
ഉദുമ നിയോജക മണ്ഡലത്തിൽ പള്ളിക്കര പഞ്ചായത്തിലെ തൊട്ടി സ്മാര്‍ട്ട് അങ്കണവാടി- 31.45 ലക്ഷം, തെക്കേക്കുന്ന് സ്മാര്‍ട്ട് അങ്കണവാടി- 27.16 ലക്ഷം, കുറ്റിക്കോല്‍ പഞ്ചായത്തിലെ മലാംകുണ്ട് അങ്കണവാടി- 38.29 ലക്ഷം, മുളിയാര്‍ പഞ്ചായത്തിലെ മുളിയാര്‍ സ്മാര്‍ട്ട് അങ്കണവാടി- 30.11 ലക്ഷം, ബെഞ്ച്കോര്‍ട്ട് അങ്കണവാടി- 31.91 ലക്ഷം, അരിയില്‍ സ്മാര്‍ട്ട് അങ്കണവാടി- 32.04 ലക്ഷം, പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ബിദിയാല്‍ സ്മാര്‍ട്ട് അങ്കണവാടി- 32.30 ലക്ഷം, പൊള്ളക്കട സ്മാര്‍ട്ട് അങ്കണവാടി- 27.51 ലക്ഷം, ഉദുമ പഞ്ചായത്തിലെ കൊങ്ങിണിയന്വളപ്പ് സ്മാര്‍ട്ട് അങ്കണവാടി- 27.65 ലക്ഷം, അങ്കക്കളരി സ്മാര്‍ട്ട് അങ്കണവാടി- 27.65 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് സ്മാര്‍ട്ട് അങ്കണവാടി- 33.57 ലക്ഷം, കോടോം-ബേളൂര്‍ പഞ്ചായത്തിലെ ബേളൂര്‍ അങ്കണവാടി- 42.46 ലക്ഷം, നേരംകാണാതടുക്കം അങ്കണവാടി- 35.05 ലക്ഷം, ഉദയപുരം അങ്കണവാടിക്കായി 33.39 ലക്ഷം, പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ അങ്കണവാടി- 43.02 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിൽ വെസ്റ്റ് എളേരി പഞ്ചായത്തിലെ കൂരാംകുണ്ട് സ്മാര്‍ട്ട് അങ്കണവാടി- 39.20 ലക്ഷം, ചെറുവത്തൂര്‍ പഞ്ചായത്തിലെ പുതിയകണ്ടം അങ്കണവാടി, 37.05 ലക്ഷം, പടന്ന പഞ്ചായത്തിലെ മാച്ചിക്കാട് അങ്കണവാടി- 31.27 ലക്ഷം, ഈസ്റ്റ് എളേരി പഞ്ചായത്തിലെ അത്തിയടുക്കം അങ്കണവാടി- 48.09 ലക്ഷം, അരിരുത്തി സ്മാര്‍ട്ട് അങ്കണവാടി- 32.31 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ 35 സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മാണത്തിനായി ആകെ 11.7156 കോടി രൂപയ്ക്ക് ഭരണാനുമതിയായിട്ടുണ്ട്.
കെട്ടിടനിര്‍മാണത്തിന് അനുയോജ്യമായ സ്ഥലം ലഭ്യമല്ലാത്ത 54 അങ്കണവാടികള്‍ക്കും എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രാദേശികമായ ഇടപെടല്‍ നടത്തി സൗജന്യമായോ മറ്റു വിധത്തിലോ അനുയോജ്യമായ സ്ഥലം കണ്ടെത്തി എത്രയും പെട്ടന്ന് കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിന് കാസര്‍ഗോഡ് വികസന പാക്കേജ് ജില്ലാതലസമിതി യോഗത്തില്‍ തീരുമാനിച്ചു.
ജില്ലയില്‍ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി സ്മാര്‍ട്ട് അങ്കണവാടികെട്ടിടം നിര്‍മിക്കുന്ന മിഷന് അങ്കണവാടി പദ്ധതി സഫലമാകുന്നതോടുകൂടി ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായി കാസര്‍ഗോഡ് മാറും. സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ വൈദ്യുതീകരണം, കുടിവെള്ളം, ശുചീകരണം മുതലായ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ജില്ലയുടെ പൊതുവായ വികസനത്തിനും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് കരുതല്‍ നല്കുന്ന പദ്ധതികളുടെ ടെണ്ടര്‍ നടപടികൾ ഉടന്‍ ആരംഭിക്കുമെന്നും നിഷ്കര്‍ഷിച്ച പൂര്‍ത്തീകരണ കാലാവധിക്കുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.