മുഴുവൻ പട്ടികവർഗക്കാർക്കും അടിസ്ഥാനരേഖകൾ ലഭ്യമാക്കി ഈസ്റ്റ് എളേരി പഞ്ചായത്ത്
1487634
Monday, December 16, 2024 7:08 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിൽ പട്ടികവർഗ വിഭാഗത്തിലെ മുഴുവൻ ആളുകൾക്കും ആധികാരികമായ അടിസ്ഥാനരേഖകൾ ലഭ്യമാക്കി നൂറു ശതമാനം നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം എം. രാജഗോപാലൻ എംഎൽഎ നിർവഹിച്ചു.
144 പുതിയ ആധാർ കാർഡുകളും 103 റേഷൻ കാർഡുകളും 110 പേർക്ക് ജനന സർട്ടിഫിക്കറ്റുകളും 64 പേർക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളും ലഭ്യമാക്കാനും 113 പേർക്ക് പുതുതായി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനും പഞ്ചായത്തിൽ നടത്തിയ എബിസിഡി കാമ്പയിനിലൂടെ സാധിച്ചു. 300 ലധികം രേഖകളിലെ തെറ്റുകൾ തിരുത്തി നൽകാനും കഴിഞ്ഞു. പഞ്ചായത്ത് ഓഫീസിൽ നടന്ന പ്രഖ്യാപനച്ചടങ്ങിൽ പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു. സബ് കളക്ടർ പ്രദീപ് ജെയിൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പട്ടികവർഗ വികസന ഓഫീസർ എം. അബ്ദുൽ സലാം, അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസർ സന്തോഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, അംഗങ്ങളായ മേഴ്സി മാണി, വി.ബി. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.