എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തിന് പോര്‍മുഖം തുറന്ന എംടി
1490235
Friday, December 27, 2024 5:17 AM IST
കാഞ്ഞങ്ങാട്: വിഷമഴ നനഞ്ഞ അരജീവിതങ്ങളുടെ കണ്ണീരൊപ്പുന്നതിനും അവര്‍ക്കു നീതി ലഭ്യമാക്കുന്നതിനുമായി കാസര്ഗോട്ടുകാര് സമരപഥത്തിലേക്കിറങ്ങിയപ്പോള് അതിന്റെ ആദ്യ യോഗത്തില്‍ ഉദ്ഘാടകനായത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവന്‍ നായര്‍ ആയിരുന്നു. സാഹിത്യ ഇതരവേദികളില്‍ പൊതുവേ പ്രത്യക്ഷപ്പെടാന്‍ വിമുഖത കാണിക്കുന്ന എംടിയെ ക്ഷണിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം വരാന്‍ തയാറാകുമോ എന്നൊരു സംശയം എല്ലാവര്‍ക്കുമുണ്ടായിരുന്നു.
എഴുത്തുകാരനായ അംബികാസുതന്‍ മാങ്ങാടായിരുന്നു ആ ദൗത്യം ഏറ്റെടുത്തത്. എംടിയുടെ കോഴിക്കോട്ടെ വീട്ടിലെത്തിയ അംബികാസുതന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ വിശദമായി ബോധിപ്പിച്ചു. ദുരിതത്തിന്റെ ആഴം കേട്ടറിഞ്ഞ എംടി എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും ചടങ്ങിലെത്തുമെന്ന് അറിയിച്ചു. 2003ല്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പോര്‍മുഖം എംടി തുറന്നതോടെ സമരം സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഭോപ്പാലിലെ വിഷവാതക ദുരന്തത്തിന് സമാനമാണ് കാസര്‍ഗോട്ടെ എന്‍ഡോള്‍ഫാന്‍ ദുരന്തമെന്നു പറഞ്ഞ എംടി ദുരിതബാധിതര്‍ക്ക് നീതി ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു.
ദുരിതബാധിതരുടെ പല ആവശ്യങ്ങളും നേടിയെടുക്കാൻ സമരത്തിന് സാധിച്ചു.
2011 ഒക്ടോബര്‍ 17ന് കാസര്‍ഗോട്ട് പ്രവാസി ദോഹ പ്രവാസി ട്രസ്റ്റിന്റെ ബഷീര്‍ പുരസ്കാരം എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരി അമ്മയ്ക്ക് സമ്മാനിച്ചതും എംടിയായിരുന്നു. നെഹ്റു കോളജ് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ തകഴി ജന്മശതാബ്ദി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനും മലയാളത്തിന്റെ പ്രിയ കഥാകാരന് എത്തിയിരുന്നു.