കരുതലും കൈത്താങ്ങും അദാലത്തിന് ജില്ലയിൽ തുടക്കം
1490817
Sunday, December 29, 2024 6:23 AM IST
കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ നടത്തുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തുകൾക്ക് ജില്ലയിൽ തുടക്കമായി. കാസർഗോഡ് താലൂക്ക് തലത്തിൽ സംഘടിപ്പിച്ച ആദ്യ അദാലത്ത് കാസർഗോഡ് നഗരസഭാ ടൗൺ ഹാളിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ ക്ഷേമ, കായിക, ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, സി.എച്ച്. കുഞ്ഞമ്പു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എ. സൈമ, സിജി മാത്യു, കളക്ടർ കെ. ഇമ്പശേഖർ, എഡിഎം പി. അഖിൽ എന്നിവർ പങ്കെടുത്തു. മുൻഗണനാ വിഭാഗങ്ങളിലുൾപ്പെട്ട 12 കുടുംബങ്ങൾക്ക് പരിപാടിയിൽ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
ജനങ്ങളുമായി മന്ത്രിമാർ നേരിട്ട് സംവദിക്കുന്നതിലൂടെ പരാതികൾക്ക് കൂടുതൽ എളുപ്പത്തിൽ പരിഹാരം കാണാനാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ജില്ലാതലത്തിൽ പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങൾ പരമാവധി വേഗത്തിൽ പരിഹരിക്കും. കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കും. നയപരമായി തീരുമാനമെടുക്കുമെടുക്കേണ്ട വിഷയങ്ങൾ സംസ്ഥാനതലത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പരാതി പരിഹാര അദാലത്തുകളിലൂടെയും മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിച്ച നവകേരള സദസ് ഉൾപ്പെടെയുള്ള ജനസമ്പർക്ക പരിപാടികളിലൂടെയും സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവു വരുത്താൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. അദാലത്തില്‍ സ്വീകരിക്കുന്ന പുതിയ പരാതികളുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം പരാതിക്കാരനെ വിവരങ്ങള്‍ അറിയിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
ഹോസ്ദുര്‍ഗ് താലൂക്ക് തല അദാലത്ത് ജനുവരി മൂന്നിന് കാഞ്ഞങ്ങാട് നഗരസഭാ ടൗണ്‍ഹാളിലും മഞ്ചേശ്വരം താലൂക്ക് അദാലത്ത് നാലിന് ഉപ്പളയിലും വെള്ളരിക്കുണ്ട് താലൂക്ക് അദാലത്ത് ആറിന് വെള്ളരിക്കുണ്ടിലും നടക്കും.