സൈന്യത്തിന്റെ ആയുധങ്ങൾ തൊട്ടറിഞ്ഞ് എൻസിസി കേഡറ്റുകൾ
1490821
Sunday, December 29, 2024 6:23 AM IST
പെരിയ: രാജ്യത്തെ സേനാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന വിവിധതരം ആയുധങ്ങൾ എൻസിസി കേഡറ്റുകൾക്ക് പരിചയപ്പെടുത്തി സിആർപിഎഫ് സേനാംഗങ്ങൾ. എൻസിസി 32 കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ പെരിയ പിഎംശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ നടന്നുവരുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ദേശീയ ക്യാമ്പിന്റെ ഭാഗമായാണ് പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തിൽ നിന്നുള്ള സേനാംഗങ്ങൾ വിവിധയിനം ആയുധങ്ങളുടെ പ്രത്യേകതകളും ഉപയോഗിക്കുന്ന വിധവും പരിചയപ്പെടുത്തിയത്.
വിവിധതരം റൈഫിളുകൾ, 84 എംഎം കാൾ ഗുസ്താവ് റോക്കറ്റ് ലോഞ്ചർ, 7.62 എംഎം മെഷീൻ ഗൺ, 30 എംഎം ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചർ, 51 എംഎം മോർട്ടാർ എന്നിവയാണ് കേഡറ്റുകൾക്ക് പരിചയപ്പെടുത്തിയത്. പെരിങ്ങോം സിആർപിഎഫ് റിക്രൂട്ട്സ് സെന്റർ അസി. കമാൻഡന്റ് ആർ. കാർത്തികേയൻ നേതൃത്വം നൽകി. ക്യാമ്പ് കമാൻഡന്റ് കേണൽ സി. സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ക്യാമ്പ് അഡ്ജുടന്റ് ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത്, സുബേദാർ മേജർ ഡി.വി.എസ്. റാവു, അസോഷ്യേറ്റ് എൻസിസി ഓഫീസർമാരായ പി.വി. സന്തോഷ് കുമാർ, എം.പി. പ്രശാന്ത്, ജി. സുനിൽ എന്നിവർ നേതൃത്വം നല്കി.