ഫാം കാര്‍ണിവലിന് ഒരുങ്ങി കാര്‍ഷിക ഗവേഷണ കേന്ദ്രം
1490535
Saturday, December 28, 2024 6:33 AM IST
പിലിക്കോട്: ഉത്തര മേഖല കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഫാം കാര്‍ണിവല്‍ ജനുവരി ഒന്ന് മുതല്‍ 20 വരെ നടക്കും. പുതുതലമുറയില്‍ ഉള്ളവരെ കൃഷിയിലേക്കും അനുബന്ധ പ്രവര്‍ത്തികളിലേക്കും അടുപ്പിക്കുന്നതിനും കാര്‍ഷിക മേഖലയിലെ ഗവേഷണ പുതുമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിനോദ വിജ്ഞാന ഉപാധികളും ഉള്‍പ്പെടുന്ന ഫാം കാര്‍ണിവലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് കൃഷിയുടെ മേന്മ തിരിച്ചറിയാന്‍ ഉതകുന്ന തരത്തില്‍ വിജ്ഞാനവും വിപണനവും വിനോദവും കോര്‍ത്തിണക്കി ശാസ്ത്ര സാങ്കേതിക വിദ്യകളും വ്യത്യസ്തമായ വിളകളും കൃഷി രീതികളും അനുഭവിച്ചും ആസ്വദിച്ചും സന്ദര്‍ശകരെ ഫാമിലൂടെ നടത്തുന്ന നേച്ചര്‍ വാക്ക് ഫാം കാര്‍ണിവലിന്റെ പ്രത്യേകതയാണ്. ഇതോടൊപ്പം ഫ്രഷ് ഫ്രം ഫാം എന്ന മേഖലയില്‍ ഫാം ഉത്പന്നങ്ങളും വിത്ത്, നടീല്‍, ഉത്പാദന ഉപാധികളുടെ വിപണനവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദിക്കാനും സൗകര്യങ്ങള്‍ ഫാം കാര്‍ണിവലിലുണ്ട്.
അമ്മയും കുഞ്ഞും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലായി സെല്‍ഫി പോയിന്റുകളുമുണ്ട്. തെണ്ടുകളുടെയും വാഴ, ചെറുധാന്യങ്ങള്‍, അലങ്കാരച്ചെടികള്‍, മാവ്, നെല്ല്, പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, എണ്ണക്കുരു വിളകള്‍, സുഗന്ധ വിളകള്‍ എന്നീ വിളികളുടെ ജൈവ പാര്‍ക്കും ഫാം കാര്‍ണിവലിനായി ഒരുക്കിയിട്ടുണ്ട്. നൂതന കൃഷി രീതികളും മാതൃകാ തോട്ടങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടാനുള്ള വിളകളും പഠന സൗകര്യവും. മലബാറി ആടുകള്‍, കുള്ളന്‍ പശുക്കള്‍, താറാവ് തുടങ്ങി മൃഗ സംരക്ഷണ വിഭാഗവും കാഴ്ചക്കായുണ്ട്. മൃഗ പരിപാലനത്തില്‍ പ്രായോഗിക പരിശീലനം, യോഗ, പ്രകൃതി ചികിത്സ, കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍ എന്നി വിഭാഗങ്ങളിലും പരിശീലനം നല്‍കും.
വിവിധ പച്ചക്കറി ഇനങ്ങള്‍, മല്‍സ്യം, കൂണ് എന്നിവ ഫ്രഷ് ഫ്രം ഫാം മേഖലയില്‍ ലഭിക്കും. 30 ല്‍പ്പരം വിഭാഗങ്ങളിലുള്ള വാഴപ്പഴം വാങ്ങിക്കാനുള്ള കേന്ദ്രം, വിവിധ ഇടങ്ങളില്‍ ഫുഡ് പാർക്കുകള്‍ ഒരുക്കിയിട്ടുണ്ട്. ജനുവരി ഒന്ന് മുതല്‍ പകല്‍ വിവിധ വിഷയങ്ങളില്‍ സെമിനാറും രാത്രി ഏഴിന് ഗാനമേളകളും നാടന്‍ പാട്ടുകളും നൃത്ത ഇനങ്ങളും ഉള്‍പ്പെടുന്ന കലാപരിപാടികളും അരങ്ങേറും.
ജനുവരി ഒന്നിന് രാവിലെ 11 ന് ഫാം കാര്‍ണിവലിലേക്കുള്ള പ്രവേശന ടിക്കറ്റിന്റെ ആദ്യവില്പന കേരള കാര്‍ഷിക സര്‍വകലാശാല എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് ജോണ്‍ നിര്‍വഹിക്കും.
ജനുവരി മൂന്നിന് രാവിലെ ഒമ്പതിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഫാം കാര്‍ണിവല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കാര്‍ഷിക സര്‍വകലാശാല പവലിയന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാങ്കേതിക വിദ്യ ഫീല്‍ഡ് പ്രദര്‍ശനം ഇ. ചന്ദ്രശേഖരന് എംഎല്‍എയും ബയോപാര്‍ക്ക് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയും ഫ്രഷ് ഫ്രം ഫാം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയും വിപണന മേള എ.കെ.എം. അഷറഫ് എംഎല്‍എയും സെമിനാര്‍- പരിശീല പരിപാടികള്‍ എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും നിര്‍വഹിക്കും.
കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബി. അശോക് മുഖ്യ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ പിലിക്കോട് കേന്ദ്രം മേധാവി ഡോ.ടി. വനജ, ഫാം ഇന്‍ ചാര്‍ജ് പി.കെ. രതീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സാബു ജോസഫ്, ഫാം സൂപ്രണ്ട് കെ.സി. ജയ്മോന് എന്നിവര്‍ സംബന്ധിച്ചു.