ഏഴാംമൈലിൽ കാട്ടുപോത്തുകളുടെ സ്വൈരവിഹാരം
1490529
Saturday, December 28, 2024 6:33 AM IST
ഏഴാംമൈൽ: ഏഴാംമൈലിനെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തി കാട്ടുപോത്തുകളുടെ സ്വൈരവിഹാരം. കാട്ടുപന്നിക്കു പിന്നാലെ കാട്ടുപോത്തുകൾ കൂടിയായതോടെ പുലർച്ചെ റബർ ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികൾ കടുത്ത ഭീതിയിലാണ്. പോർക്കളം, കപ്പണ, മാമ്പള്ളം, പാൽക്കുളം ഭാഗങ്ങളിലെല്ലാം കാട്ടുപോത്തുകളിറങ്ങുന്നുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചിന് ബേളൂർ അമ്പലത്തിൽ പോയി മടങ്ങുകയായിരുന്ന അയ്യപ്പഭക്തർ കുറ്റിയോട്ടെ റബർ തോട്ടത്തിൽ കാട്ടുപോത്തിനെ കണ്ടിരുന്നു. അഞ്ചരയോടെ പാൽക്കുളം റോഡിലും കാട്ടുപോത്തിനെ കണ്ടു.
കാട്ടുപോത്തുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പുലർച്ചെ ഒന്നിനും രണ്ടിനും മറ്റും ടാപ്പിംഗിനു പോകുന്ന ശീലം മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണ് കർഷകർ. തൊട്ടടുത്ത മടിക്കൈ പഞ്ചായത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതും ഇവരുടെ ഭീതി വർധിപ്പിക്കുന്നു.