മുളിയാറിനെ വിറപ്പിച്ച് പുലിപ്പട
1490233
Friday, December 27, 2024 5:17 AM IST
കാസര്‍ഗോഡ്: പുലിഭീതി രൂക്ഷമായിരിക്കുന്ന മുളിയാര്‍ പഞ്ചായത്തിലെ മൂന്നിടങ്ങളില്‍ കൂടി പുലിയിറങ്ങി. കാനത്തൂര്‍, പയോലത്തെ തെയ്യം കലാകാരന് കൃഷ്ണന് കലൈപ്പാടിയുടെ വീട്ടുപരിസരത്ത് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു പുലികളാണ് എത്തിയത്.
കൃഷ്ണന്റെ മകന് സുനില്‍ കുമാര്‍ തെയ്യം കഴിഞ്ഞ് എത്തിയപ്പോഴാണ് വീട്ടുപരിസരത്ത് അഞ്ചു പുലികള്‍ നില്‍ക്കുന്നത് കണ്ടത്. സുനില്‍, വീട്ടിനകത്തു ഉറങ്ങി കിടന്നിരുന്ന സഹോദരന് അരുണാക്ഷനെ വിളിച്ചുണര്‍ത്തി വീടിന്റെ ടെറസില്‍ കയറി ടോര്‍ച്ചടിച്ചപ്പോള്‍ പുലികള്‍ പതുക്കെ നടന്ന് വനത്തിനുള്ളിലേക്കു മടങ്ങുകയായിരുന്നു. സാധാരണ ഗതിയില്‍ വീട്ടിലെ നായ നിര്‍ത്താതെ കുരയ്ക്കാറുണ്ടെന്നും ബുധനാഴ്ച രാത്രി പേടിച്ചരണ്ട്, ചുരുണ്ടു കൂടി കിടക്കുകയായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. പശുക്കളും ആടുകളും ഉള്ള വീടാണ് കൃഷ്ണന് കലൈപ്പാടിയുടേത്.
ഇവയില്‍ ഏതെങ്കിലും വളര്‍ത്തു മൃഗത്തെ ലക്ഷ്യമിട്ടായിരിക്കണം പുലികള്‍ കൂട്ടത്തോടെ എത്തിയതെന്നു സംശയിക്കുന്നു. പുലിക്കൂട്ടമെത്തിയ വിവരം വീട്ടുകാര്‍ അപ്പോള്‍ തന്നെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജനാര്‍ദ്ദനനെയും വനം വകുപ്പിനെയും അറിയിച്ചിരുന്നു. മുളിയാര്‍ പഞ്ചായത്തിലെ കൊടവഞ്ചി- അടുക്ക റോഡില്‍ പരേതനായ രാജന് ബേപ്പിന്റെ വീടിനു സമീപത്തു കൂടി നായയെ കടിച്ചെടുത്തുകൊണ്ടു പുലി ഓടി പോവുന്നതു കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.
ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്നവരാണ് ഇതു കണ്ടത്. ഉടന്‍ വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചു. ഉദ്യോഗസ്ഥരെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്കി. ഇരിയണ്ണി, പേരടുക്കം, വണ്ണാര്ത്തുമൂലയിലും കഴിഞ്ഞ ദിവസം പുലിയുടെ സാന്നിധ്യം ഉണ്ടായി. ഒരു വീട്ടമ്മയാണ് പുലിയെ കണ്ടത്.
സിസിടിവിയില്‍ പുലി കുടുങ്ങിയില്ല
കാഞ്ഞങ്ങാട്: പുലി ഭീഷണി നിലനില്‍ക്കുന്ന മടിക്കൈ കുറ്റിയടുക്കം കണ്ണാടിപ്പാറ രാമന്കുഴിയില് സ്ഥാപിച്ച സിസിടിവി കാമറ ട്രാപ്പുകളില്‍ പുലി കുടുങ്ങിയില്ല. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. രാഹുലിന്റെ നിര്‍ദ്ദേശപ്രകാരം മരുതോം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാത്രി സ്ഥാപിച്ച രണ്ടു കാമറകളും വനപാലകരെത്തി പരിശോധിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ആണ് കാമറ ട്രാപ്പ് സ്ഥാപിച്ചത്. കാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞാല്‍ അടുത്ത ദിവസം കൂട് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റേഞ്ച് ഓഫീസർ കെ. രാഹുല്‍ പറഞ്ഞു.
പുലിയുടെ ദൃശ്യം ലഭിക്കാതെ കൂട് സ്ഥാപിക്കാനാവില്ല. നിയമപ്രശ്നമുണ്ട്. ചിത്രം ലഭിക്കുന്ന മുറക്ക് ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്ന് കൂട് കൊണ്ട് വരാന്‍ നടപടി സ്വീകരിക്കും. ആടിനെ കൊന്ന പ്രദേശത്തായാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്.