ജ്യൂസുണ്ടാക്കി വില്ക്കാൻ സംരംഭകരെ തേടി പ്ലാന്റേഷൻ കോർപറേഷൻ
1490818
Sunday, December 29, 2024 6:23 AM IST
കാസർഗോഡ്: തോട്ടങ്ങളിൽ പാഴായിപ്പോകുന്ന കശുമാങ്ങയിൽ നിന്ന് ജ്യൂസും സിറപ്പും കാർബണേറ്റഡ് പാനീയവും നിർമിക്കാൻ പ്ലാന്റേഷൻ കോർപറേഷന്റെ മുളിയാർ എസ്റ്റേറ്റിൽ കോടികൾ ചെലവിട്ട് ഫാക്ടറി സ്ഥാപിച്ചിട്ട് വർഷങ്ങളായി. എന്നാൽ നാമമാത്രമായ അളവിലുള്ള ഉത്പാദനം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. ഉണ്ടാക്കിയതുതന്നെ കൃത്യമായി വിറ്റഴിക്കാനും കഴിഞ്ഞിട്ടില്ല.
ഇങ്ങനെ പോയാൽ ഫാക്ടറിയും യന്ത്രസാമഗ്രികളും വെറുതേകിടന്ന് നശിച്ചുപോകുമെന്ന നിലയായതോടെ സ്വകാര്യ സംരംഭകരുടെ സഹായം തേടുകയാണ് പ്ലാന്റേഷൻ കോർപറേഷൻ. കശുമാങ്ങയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനും തയാറുള്ള സംരംഭകരെയാണ് ഉദ്ദേശിക്കുന്നത്. ഇവർക്ക് കരാർ അടിസ്ഥാനത്തിൽ മുളിയാറിലെ ഫാക്ടറി സൗകര്യം ഉപയോഗപ്പെടുത്തി ഉത്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാം. പ്ലാന്റേഷൻ കോർപറേഷന്റെ ഓസിയാന എന്ന ബ്രാൻഡിൽ തന്നെ വിപണിയിലെത്തിക്കുകയും ചെയ്യാം.
പ്ലാന്റേഷൻ കോർപറേഷന്റെ കാസർഗോഡ് എസ്റ്റേറ്റിൽ 1500, രാജപുരത്ത് 1526, ചീമേനി എസ്റ്റേറ്റിൽ 728 വീതം ഹെക്ടറുകളിൽ വ്യാപിച്ചുകിടക്കുന്ന കശുമാവിൻതോട്ടങ്ങളിൽ നിന്ന് നേരിട്ട് കശുമാങ്ങ സംഭരിക്കാനും അവസരം നൽകും. ഇത്രയും കശുമാങ്ങ തികയുന്നില്ലെങ്കിൽ പുറത്തുനിന്ന് കശുമാങ്ങ എത്തിച്ചും ഉത്പാദനം നടത്താം.
ഓസിയാന ബ്രാൻഡിൽ പ്ലാന്റേഷൻ കോർപറേഷൻ പുറത്തിറക്കിയ കശുമാങ്ങ ജ്യൂസിനും സിറപ്പിനും സോഡയുമായി സാദൃശ്യമുള്ള കാർബണേറ്റഡ് പാനീയത്തിനും പുറമേ മറ്റു പാനീയങ്ങളും ഉത്പന്നങ്ങളും സംരംഭകർക്ക് സ്വന്തം നിലയിൽ നിർമിച്ച് വിപണനം നടത്താം. ലഹരിപദാർഥങ്ങളാകരുതെന്നു മാത്രമേയുള്ളൂ.
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കായിരിക്കും കരാർ നൽകുക. കരാർ കാലയളവിൽ യന്ത്രസാമഗ്രികൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അറ്റകുറ്റപണി നടത്തേണ്ടത് സംരംഭകന്റെ ഉത്തരവാദിത്വമായിരിക്കും.
ഫാക്ടറിയും യന്ത്രസാമഗ്രികളും നേരിട്ട് സന്ദർശിച്ച് ഇപ്പോൾ കേടുപാടുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ കരാർ ഏറ്റെടുക്കേണ്ടതുള്ളൂ. താത്പര്യമുള്ള സംരംഭകർക്ക് പ്ലാന്റേഷൻ കോർപറേഷൻ അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ട് ഇ-ടെൻഡറിൽ പങ്കെടുക്കാം. ജനുവരി 15 ആണ് അവസാന തീയതി. ഫോൺ: 94472042, 0481 2578306.