മന്മോഹന് സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
1490534
Saturday, December 28, 2024 6:33 AM IST
പെരിയ: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ നിര്യാണത്തില്‍ കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. വിന്‍സെന്റ് മാത്യു അനുശോചിച്ചു.
സാധാരണക്കാരുടെ സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാന്‍ പ്രയത്നിച്ച പ്രധാനമന്ത്രിയായിരുന്നു മന്മോഹന് സിംഗ്. അതിന്റെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ കാലത്ത് പെരിയയില്‍ സ്ഥാപിക്കപ്പെട്ട കേന്ദ്രസര്‍വകലാശാല. 2009ല്‍ വിവിധ സംസ്ഥാനങ്ങളിലായി 14 കേന്ദ്രസര്‍വകലാശാലകളാണ് അനുവദിക്കപ്പെട്ടത്.
ഇതെല്ലാം അതാതു സംസ്ഥാനങ്ങളിലെ പിന്നോക്ക ജില്ലകളിലായിരുന്നു സ്ഥാപിക്കപ്പെട്ടത്. അങ്ങനെയാണ് കാസര്‍ഗോഡിനും കേന്ദ്ര സര്‍വകലാശാല ലഭിച്ചത്. മന്മോഹന് സിംഗിന്റെ ദീര്‍ഘവീക്ഷണവും സാധാരണക്കാരോടുള്ള പ്രതിബന്ധതയുമാണ് ഇതില്‍ തെളിയുന്നത്. സര്‍വകലാശാലയുടെ തിരുവനന്തപുരം കാപിറ്റല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തതും മന്മോഹന് സിംഗാണ്.
സര്‍വകലാശാലയുടെ വികസനത്തിന് അകമഴിഞ്ഞ പിന്തുണയും നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് വിന്‍സെന്റ് മാത്യു പറഞ്ഞു.