ഭക്ഷ്യ എണ്ണ ചോര്‍ന്നു; ദേശീയപാതയില്‍ മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു
1490236
Friday, December 27, 2024 5:17 AM IST
കാസര്‍ഗോഡ്: ടാങ്കര്‍ ലോറിയില്‍ നിന്ന് ഭക്ഷ്യ എണ്ണ ചോര്‍ന്ന് റോഡില്‍ തളം കെട്ടി. സംഭവത്തെ തുടര്‍ന്ന് കാസര്‍ഗോഡ് നഗരത്തിലെ ദേശീയ പാതയില്‍ അഞ്ചുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. മംഗളുരുവില്‍ നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറിയില്നിനനാണ് എണ്ണ ചോര്‍ന്നത്.
ഇതേതുടര്‍ന്ന് 75 മീറ്ററോളം ദൂരത്തില്‍ റോഡില്‍ എണ്ണ തളംകെട്ടിക്കിടന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് കണ്ട്രോള് റൂമില്‍ നിന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. മണിക്കൂറോളം റോഡില്‍ വെള്ളം ചീറ്റി കഴുകിയിട്ടും പൂര്‍ണതോതില്‍ എണ്ണ നീക്കം ചെയ്യാന്‍ സാധിച്ചില്ല. ഒടുവില്‍ ദേശീയപാതയുടെ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി ലിമിറ്റഡിന്റെ ജെസിബി എത്തിച്ച് എണ്ണ നീക്കം ചെയ്തു.
തുടര്‍ന്ന് എംസാന്റ് വിതറിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് വാഹനങ്ങളെ കടത്തിവിട്ടത്. കാസര്‍ഗോഡ് ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ എസ്. സാദിഖ്, ടി. അമല്‍രാജ്, എം. രമേശ്, ടി.വി. പ്രവീണ്‍ എന്നിവരാണ് എണ്ണ നീക്കം ചെയ്യാനെത്തിയത്.