കല്ലളൻ വൈദ്യരുടെ പേരിൽ സാംസ്കാരിക സമുച്ചയം വരുന്നു
1490820
Sunday, December 29, 2024 6:23 AM IST
നീലേശ്വരം: ആദ്യ കേരള നിയമസഭയിൽ ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം നീലേശ്വരം ദ്വയാംഗ മണ്ഡലത്തെ പ്രതിനിധീകരിച്ച കല്ലളൻ വൈദ്യരുടെ സ്മാരകമായി നീലേശ്വരത്ത് അഞ്ചുകോടി രൂപ ചെലവിൽ സാംസ്കാരിക സമുച്ചയം വരുന്നു.
ഇഎംഎസ് സ്റ്റേഡിയത്തിന് സമീപത്താണ് പദ്ധതിക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു എം. കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ഈ സ്ഥലം സന്ദർശിച്ചു.
എം. രാജഗോപാലൻ എംഎൽഎയും നഗരസഭാധ്യക്ഷ ടി.വി. ശാന്തയും ഒപ്പമുണ്ടായിരുന്നു. പദ്ധതിക്കായി ഇവിടെ ഒരേക്കർ ഭൂമി റവന്യൂവകുപ്പിൽനിന്ന് സാംസ്കാരികവകുപ്പിന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് എം. രാജഗോപാലൻ എംഎൽഎ അറിയിച്ചു. എംഎൽഎ എന്നതിനൊപ്പം ഉത്തരകേരളത്തിലെ അറിയപ്പെടുന്ന വിഷവൈദ്യനും കർഷക സംഘടനാ പ്രവർത്തകനുമായിരുന്ന കല്ലളൻ വൈദ്യർക്ക് ഉചിതമായ സ്മാരകം നിർമിക്കുന്നതിന് അഞ്ചുകോടി രൂപ നേരത്തേ സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരുന്നു.
ഒരുമിച്ച് മത്സരിച്ച തെരഞ്ഞെടുപ്പിൽ ഇഎംഎസിനേക്കാൾ വോട്ട് നേടാൻ കഴിഞ്ഞത് കല്ലളൻ വൈദ്യരുടെ ജനസമ്മതിയുടെ തെളിവായിരുന്നു.
നവോത്ഥാന നായകരായിരുന്ന ടി.എസ്. തിരുമുമ്പിന്റെ പേരിൽ മടിക്കൈയിലും വിദ്വാൻ പി. കേളുനായരുടെ പേരിൽ വെള്ളിക്കോത്തും സാംസ്കാരിക സമുച്ചയങ്ങൾ ഉയർന്നുവരുന്നുണ്ട്.