ഡീസൽ കർണാടകയിൽ നിന്ന്; കെഎസ്ആർടിസിക്ക് പ്രതിദിനം കാൽലക്ഷത്തോളം രൂപയുടെ ലാഭം
1490227
Friday, December 27, 2024 5:17 AM IST
കാസർഗോഡ്: അന്തർസംസ്ഥാന ബസുകൾക്ക് കർണാടകയിലെ പമ്പുകളിൽ നിന്ന് ഡീസൽ നിറയ്ക്കാൻ അനുമതി നൽകിയതിലൂടെ കെഎസ്ആർടിസിക്ക് പ്രതിദിനം കാൽലക്ഷത്തോളം രൂപയുടെ ലാഭം. കാസർഗോഡ് - മംഗളുരു സർവീസുകൾക്ക് പ്രതിദിനം ശരാശരി 2860 ലിറ്റർ ഡീസൽ വേണമെന്നാണ് കെഎസ്ആർടിസി ജില്ലാ ഡിപ്പോയിലെ കണക്ക്. കർണാടകയിലെ ഡീസൽ വില കേരളത്തിലേതിനേക്കാൾ എട്ടു രൂപയോളം കുറവാണ്. ഈ കണക്കു പ്രകാരം ഇന്ധന ചെലവിൽ 24,000 രൂപയോളം ഓരോ ദിവസവും ലാഭിക്കാൻ കഴിയും.
കാസർഗോഡ് ഡിപ്പോയിൽ നിന്ന് സുള്ള്യ, പുത്തൂർ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളും കൊല്ലൂർ മൂകാംബിക ബസുകളും കൂടി കർണാടകയിൽ നിന്ന് ഡീസൽ അടിക്കുകയാണെങ്കിൽ ഡീസൽ ചെലവിൽ പ്രതിദിനം അരലക്ഷം രൂപയോളം ലാഭിക്കാനാകും. ഇവയ്ക്കുകൂടി അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അന്തർസംസ്ഥാന സർവീസുകൾ നടത്തുമ്പോൾ നികുതിയിനത്തിലും മറ്റുമുണ്ടാകുന്ന അധികച്ചെലവ് ഡീസൽ വിലയിലെ ലാഭത്തിലൂടെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ നികുതി കൂടുതലായതിനാലാണ് ഡീസൽവില ഉയർന്നുനിൽക്കുന്നത്. ഇത് മറികടക്കുന്നതിനായി സംസ്ഥാന അതിർത്തിമേഖലയിലെ സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും നേരത്തേതന്നെ ഇന്ധനത്തിന് കർണാടകയിലെ പമ്പുകളെയാണ് ആശ്രയിക്കുന്നത്. ദേശീയപാതയോടടുത്ത തലപ്പാടിയിലും മലയോരമേഖലയിലെ ഗാളിമുഖയിലുമുള്ള ഇന്ധന പമ്പുകളിൽ എന്നും കേരളത്തിൽനിന്നുള്ള വാഹനങ്ങളുടെ തിരക്കാണ്. ഏതാനും വർഷങ്ങൾക്കുമുമ്പു വരെ ചെറുഗ്രാമമായിരുന്ന ഗാളിമുഖ ചുരുങ്ങിയ കാലം കൊണ്ട് മാഹിയെ അനുസ്മരിപ്പിക്കുന്ന വാണിജ്യകേന്ദ്രമായി വളർന്നത് കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങളും വരുമാനവും കൊണ്ടാണ്.