ബിജെപി ഭരണത്തില്‍ ജനാധിപത്യം ഭീഷണി നേരിടുന്നു: എം. ലിജു
1487165
Sunday, December 15, 2024 3:22 AM IST
കാഞ്ഞങ്ങാട്: ലോകം മുഴുവന്‍ വിലമതിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയുണ്ടാക്കുന്ന സാഹചര്യമാണ് ഇന്ത്യ ഭരിക്കുന്ന ബിജെപി ഭരണത്തില്‍ നടക്കുന്നതെന്നും ഇതു വളരെ ഗൗരവത്തില്‍ കാണേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗുരുതരമായ ജനാധിപത്യ ധ്വംസനത്തിന് രാജ്യം സാക്ഷിയാകുന്ന സാഹചര്യത്തിലാണ് കടന്നുപോകുന്നത്. ഇന്ത്യന്‍ പാര്ലമെന്റിനകത്തുതന്നെ ജനാധിപത്യം അട്ടിമറിക്കുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നത് വളരെ ഗൗരവത്തോടെ പരിശോധിച്ച് പരിഹാരം കാണേണ്ട വിഷയമാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ചരിത്രത്തിലാദ്യമായി രാജ്യസഭാ അധ്യക്ഷനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത് ഈ പശ്ചാത്തലത്തിലാണ്. കേരളത്തില്‍ ഭരണം നടത്തുന്ന സിപിഎം ഗുരുതരമായ അഴിമതിയില്‍പെട്ട് വട്ടംകറങ്ങുകയാണ്.
നിത്യോപയോഗ സാധനങ്ങളുടെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്ന സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. രാജ്യത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട് ഉണ്ടായത് ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളോട് പൊറുക്കാനാകാത്ത അനീതിയാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്. സ്വന്തം താത്പര്യം സംരക്ഷിക്കുന്നതിന് കേന്ദ്രത്തിനുമുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമായിരിക്കുകയാണെന്നെന്നും ജനവിരുദ്ധ നിലപാട് തിരുത്താന്‍ അദ്ദേഹം തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോപത്തിന് കോണ്‍ഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. സോണി സെബാസ്റ്റ്യന്‍, ഹക്കീം കുന്നില്‍, എ. ഗോവിന്ദന് നായര്‍, രമേശന് കരുവാച്ചേരി, ഖാദര്‍ മാങ്ങാട്, കരിമ്പില്‍ കൃഷ്ണന്, ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണന്, പി.ജി. ദേവ്, എം.സി. പ്രഭാകരന്, ബി.പി. പ്രദീപ് കുമാര്‍, പി.വി. സുരേഷ്, സോമശേഖര ഷേണി, ടോമി പ്ലാച്ചേരി, ഹരീഷ് പി. നായര്‍, സാജിദ് മവ്വല്‍, ജോയ് ജോസഫ്, മധുസൂദനന് ബാലൂര്‍, കാര്ത്തികേയന് പെരിയ, ശ്രീജിത് മാടക്കല്‍, ഷിബിന്‍ ഉപ്പിലിക്കൈ, സിജോ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.