കാത്തിരിപ്പിനൊടുവിൽ അനുമതി; വിദ്വാൻ പി സ്മാരകം ഇനി ഒറ്റനിലയിൽ
1487166
Sunday, December 15, 2024 3:22 AM IST
കാഞ്ഞങ്ങാട്: വലിയ പ്രതീക്ഷകളുണർത്തി അവസാനം നിരാശയ്ക്ക് വഴിമാറിയ വെള്ളിക്കോത്തെ നിർദിഷ്ട വിദ്വാൻ പി സ്മാരക മന്ദിരത്തിന് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാന സർക്കാരിന്റെ സാങ്കേതികാനുമതിയായി.
ഇരുനിലകളിലായി വിഭാവനം ചെയ്തിരുന്ന മന്ദിരം ഒറ്റനിലയായി വെട്ടിച്ചുരുക്കിയാണ് സാങ്കേതികാനുമതി നൽകിയത്. 2022 ൽ ഭരണാനുമതി ലഭിച്ചിരുന്ന കെട്ടിടത്തിന് സാങ്കേതികാനുമതി ലഭിക്കാൻ രണ്ടുവർഷത്തിലേറെ എടുത്തു. ഇനിയെങ്കിലും ടെൻഡർ വിളിച്ച് നിർമാണ പ്രവൃത്തികൾ തുടങ്ങാൻ വൈകില്ലെന്നാണ് പ്രതീക്ഷ.
ഇ. ചന്ദ്രശേഖരൻ എംഎൽഎ റവന്യൂമന്ത്രിയായിരുന്ന കാലത്ത് അഞ്ചു കോടി രൂപയാണ് സ്മാരക നിർമാണത്തിനായി അനുവദിച്ചിരുന്നത്. വർഷങ്ങൾ കഴിഞ്ഞതോടെ ഈ തുക കൊണ്ട് ഒറ്റനില കെട്ടിടം മാത്രമേ നിർമിക്കാനാകൂ എന്ന നിലയായി. മുകൾനില കൂടി കെട്ടണമെങ്കിൽ രണ്ടുകോടി രൂപയെങ്കിലും അധികമായി വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തൽ. ആദ്യനില പൂർത്തിയാകുമ്പോഴേക്കും അത്രയും തുക കൂടി അനുവദിച്ചുകിട്ടിയാൽ അത് അടുത്ത ഘട്ടത്തിൽ പരിഗണിക്കാനാണ് ധാരണ.
നാടക പ്രവർത്തകനും നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വിദ്വാൻ പി. കേളുനായർ സ്ഥാപിച്ച വിജ്ഞാനദായിനി സംസ്കൃത പാഠശാല നിലനിന്നിരുന്ന സ്ഥലത്താണ് സ്മാരകം നിർമിക്കുന്നത്. വിദ്വാൻ പിയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്ന വിജ്ഞാനദായിനിയുടെ ഓടുമേഞ്ഞ കെട്ടിടം പിന്നീട് വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. സ്കൂളിന്റെ ഭാഗമായിരുന്നു. 29-ാം വയസിൽ വിദ്വാൻ പി ജീവിതം അവസാനിപ്പിച്ചതും ഈ കെട്ടിടത്തിന്റെ അകത്തുവച്ചായിരുന്നു. വിദ്വാൻ പി സ്മാരക നിർമാണത്തിനായി ഈ കെട്ടിടം വിദ്യാഭ്യാസവകുപ്പ് സാംസ്കാരിക വകുപ്പിന് വിട്ടുനൽകിയിരുന്നെങ്കിലും ബലക്കുറവ് ചൂണ്ടിക്കാട്ടി രണ്ടു വർഷം മുമ്പ് പൊളിച്ചുമാറ്റുകയായിരുന്നു. വിദ്വാൻ പിയുടെ ജീവിതത്തിന്റെയും മരണത്തിന്റെയും ശേഷിപ്പായ കെട്ടിടം സംരക്ഷിക്കാനാകാത്തതിനെതിരെ നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ഭാഗത്തുനിന്ന് വിമർശനങ്ങളുയർന്നിരുന്നു.
250 പേർക്ക് ഇരിക്കാനുള്ള സൗകര്യവും സ്റ്റേജുമുള്ള തീയേറ്റർ, അണിയറ, വിദ്വാൻ പിയുടെയും സ്വാതന്ത്ര്യസമര-നവോത്ഥാന കാലഘട്ടങ്ങളിലെയും ശേഷിപ്പുകൾ സംരക്ഷിക്കുന്ന മ്യൂസിയം, ഓഫീസ് മുറി എന്നിവയടങ്ങുന്ന കെട്ടിടത്തിന്റെ രൂപരേഖയ്ക്കാണ് സാങ്കേതികാനുമതി ലഭിച്ചിട്ടുള്ളത്. കെട്ടിടത്തിനകത്തേക്കും പുറത്തെ മൈതാനത്തിലേക്കും തുറക്കാവുന്ന വിധത്തിലാണ് സ്റ്റേജ് നിർമിക്കുക. ഇതോടെ ചെറുതും വലുതുമായ പരിപാടികൾക്ക് ഇത് ഉപയോഗപ്പെടുത്താനാകും.
മുകളിലത്തെ നിലയിലേക്കുള്ള രണ്ട് സ്റ്റെയർകേസുകളും ആദ്യഘട്ടത്തിൽ തന്നെ നിർമിക്കും. പിന്നീട് കൂടുതൽ ഫണ്ട് അനുവദിച്ചുകിട്ടിയാൽ നേരത്തേ തയാറാക്കിയ രൂപരേഖ പ്രകാരം മുകളിലത്തെ നിലയിൽ കോൺഫറൻസ് ഹാൾ, നാടകപരിശീലന കേന്ദ്രം, താമസസൗകര്യത്തിനുള്ള ഡോർമിറ്ററി എന്നിവ കൂടി നിർമിക്കാനാണ് ധാരണ.